കൊച്ചി: എസ്.ഐ.ആർ നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ ഇന്ന് പ്രതിഷേധത്തിനൊരുങ്ങി കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി). ‘ജന്തർ മന്തർ അറ്റ് കൊച്ചി’ എന്ന പേരിൽ വൈകിട്ട് നാലിന് പ്രതിഷേധ മാർച്ചും പൊതുയോഗവും സംഘടിപ്പിക്കും. പ്രതിഷേധത്തിൽ പങ്കെടുക്കാൻ കേരളത്തിലെ പ്രവർത്തകരോടും അനുഭാവികളോടും ആഹ്വാനം ചെയ്ത് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ രംഗത്തെത്തി. പാർട്ടി പ്രവർത്തകരെ ‘പാറ്റകൾ’ എന്ന് വിശേഷിപ്പിച്ചാണ് ദിപ്കെയുടെ ആഹ്വാനം.
മറൈൻ ഡ്രൈവിൽനിന്ന് ആരംഭിക്കുന്ന മാർച്ച് രാജേന്ദ്ര മൈതാനിയിൽ സമാപിക്കും. തുടർന്ന് പൊതുയോഗവും നടക്കും. നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്, സി.ജെ.പി ദേശീയ നേതാവ് അഫ്രീൻ നവാസ്, ദക്ഷിണേന്ത്യൻ ചുമതലയുള്ള വിജയ് റെഡ്ഡി മല്ലംഗി എന്നിവരും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്.ഐ.ആർ പിൻവലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ‘ജനാധിപത്യത്തെ സംരക്ഷിക്കൂ, എസ്.ഐ.ആർ റദ്ദാക്കൂ’ എന്ന മുദ്രാവാക്യവുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഡൽഹിയിൽ ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ ശ്രമിച്ചതിനെ തുടർന്ന് സി.ജെ.പി നേതാക്കൾ അറസ്റ്റിലാകുകയും പൊലീസ് നടപടി നേരിടുകയും ചെയ്തിരുന്നു. ഒക്ടോബറിൽ ജന്തർ മന്തറിൽ പ്രതിഷേധം നടത്താൻ ശ്രമിച്ച നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റിലായി പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. അഭിജീത് ദിപ്കെയെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് ശേഷമുള്ള പാർട്ടിയുടെ ആദ്യ പ്രധാന പ്രതിഷേധ പരിപാടിയാണ് കൊച്ചിയിലേത്.
അതേസമയം, പ്രതിഷേധത്തിന്റെ ഭാഗമായി മതിയായ പൊലീസ് സുരക്ഷ ഒരുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചിട്ടുണ്ട്. സമാധാനപരമായി പരിപാടി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ സംബന്ധിച്ച് സംഘാടകർ പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.
ഡൽഹിയിലെ പ്രതിഷേധത്തിന് പിന്നാലെ കേരളത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിലൂടെ എസ്.ഐ.ആർ വിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനാണ് സി.ജെ.പിയുടെ നീക്കം.



