ഗുരുഗ്രാം: വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ 50 ശതമാനം വർക്ക് ഫ്രം ഹോം ചട്ടം ലംഘിച്ചെന്നാരോപിച്ച് ഗുരുഗ്രാമിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടത്തിന്റെ നോട്ടീസ്. സെക്ടർ 42ൽ പ്രവർത്തിക്കുന്ന കോർപറേറ്റ് ഓഫീസുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ അനുവദനീയമായതിലും കൂടുതൽ ജീവനക്കാർ നേരിട്ടെത്തി ജോലി ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ബാദ്ഷാപൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റാണ് വ്യാഴാഴ്ച സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഒരു സ്ഥാപനത്തിൽ ആകെ 117 ജീവനക്കാരുള്ളതിൽ 87 പേർ ഓഫീസിലെത്തിയിരുന്നു. രണ്ടാമത്തെ സ്ഥാപനത്തിൽ 262 ജീവനക്കാരിൽ 160 പേരും നേരിട്ടെത്തി ജോലി ചെയ്യുന്നതായി കണ്ടെത്തി. അതായത് ആദ്യ സ്ഥാപനത്തിൽ ഏകദേശം 74 ശതമാനവും രണ്ടാമത്തെ സ്ഥാപനത്തിൽ 61 ശതമാനവും ജീവനക്കാരാണ് ഓഫീസിലുണ്ടായിരുന്നത്. അനുവദനീയമായ 50 ശതമാനം പരിധി ഇരുസ്ഥാപനങ്ങളും മറികടന്നതായാണ് കണ്ടെത്തൽ.
24 മണിക്കൂറിനുള്ളിൽ രേഖാമൂലം വിശദീകരണം നൽകാനാണ് സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ആകെ ജീവനക്കാരുടെ എണ്ണം, പരിശോധന നടന്ന ദിവസത്തെ ബയോമെട്രിക് വിവരങ്ങൾ, ഹാജർ രേഖകൾ, ഡ്യൂട്ടി റൊസ്റ്റർ, വർക്ക് ഫ്രം ഹോം അനുവദിച്ച ജീവനക്കാരുടെ വിവരങ്ങൾ എന്നിവയും ഹാജരാക്കണം.
വിശദീകരണം തൃപ്തികരമല്ലെങ്കിൽ 2021ലെ കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് നിയമത്തിലെ സെക്ഷൻ 14 പ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജില്ലയിലെ എല്ലാ ഉപവിഭാഗങ്ങളിലും പരിശോധന തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ജീവനക്കാരും പ്രദേശവാസികളും സമൂഹമാധ്യമങ്ങളിലൂടെ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയത്. നിയന്ത്രണം നിലവിലുണ്ടായിട്ടും പകുതിയിലധികം ജീവനക്കാരെ ഓഫീസിലെത്തിച്ച് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുവെന്ന പരാതികൾ ലഭിച്ചിരുന്നതായും അധികൃതർ വ്യക്തമാക്കി.
നവംബർ മൂന്നിനാണ് ഗുരുഗ്രാം ഡെപ്യൂട്ടി കമ്മീഷണർ 50 ശതമാനം ഹാജർ പരിധി നിർബന്ധമാക്കിയത്. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റിന്റെ നിർദേശത്തെ തുടർന്നായിരുന്നു നടപടി. സർക്കാർ, സ്വകാര്യ ഓഫീസുകളിൽ ഒരേസമയം പരമാവധി 50 ശതമാനം ജീവനക്കാർ മാത്രമേ നേരിട്ട് ജോലിക്കെത്താൻ പാടുള്ളൂ. ബാക്കിയുള്ളവർ വീട്ടിലിരുന്ന് ജോലി ചെയ്യണം. നവംബർ അഞ്ചുമുതൽ 20 വരെയാണ് നിയന്ത്രണം.
ഡൽഹി-എൻസിആർ മേഖലയിൽ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ നടപ്പാക്കുന്ന അടിയന്തര നിയന്ത്രണങ്ങളുടെ ഭാഗമാണിത്. ശൈത്യകാലത്തെ മലിനീകരണം കൂടുതൽ രൂക്ഷമാകുന്നതിന് മുമ്പ് വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. വർക്ക് ഫ്രം ഹോം ചട്ടം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരായ നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന സൂചനയാണ് ഗുരുഗ്രാമിലെ പുതിയ നടപടി നൽകുന്നത്.



