ഫരീദാബാദ്: പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ടെക് മഹീന്ദ്രയുടെ മുൻ ഏഷ്യ-പസഫിക് റീജിയണൽ ബിസിനസ് മേധാവിയെ അയൽവാസി വെടിവെച്ചുകൊന്നു. ഹരിയാനയിലെ ഫരീദാബാദ് സെക്ടർ 21സിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പരംജിത് ധൻഖർ ആണ് കൊല്ലപ്പെട്ടത്. പ്രതിയായ മോഹൻ ശർമ സംഭവത്തിനുശേഷം ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു.
സ്വന്തം ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് പ്രതി ഏകദേശം 15 തവണ വെടിയുതിർത്തതായാണ് പൊലീസിന്റെ പ്രാഥമിക വിവരം. ഇതിൽ ഒൻപത് വെടിയുണ്ടകൾ പരംജിത്തിന് ഏറ്റു. സംഭവസ്ഥലത്തുവെച്ചുതന്നെ അദ്ദേഹം മരിച്ചു.
ഒരേ നാല് നില കെട്ടിടത്തിൽ താമസിക്കുന്നവരാണ് ഇരുകുടുംബങ്ങളും. പാർക്കിങ് സ്ഥലത്തെ ചൊല്ലിയും പ്രതിയുടെ മകൻ വളർത്തുനായയെ അവിടെ മലമൂത്ര വിസർജനം നടത്തിക്കുന്നതിനെച്ചൊല്ലിയും കുടുംബങ്ങൾക്കിടയിൽ ദിവസങ്ങളായി തർക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. പരംജിത്തിന്റെ കുടുംബം ഇതിനെതിരെ പലതവണ പരാതി ഉന്നയിച്ചിരുന്നു. നാലോ അഞ്ചോ ദിവസം മുമ്പും ഇരുകുടുംബങ്ങളും തമ്മിൽ വാക്കുതർക്കമുണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രി വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വീണ്ടും തർക്കമുണ്ടായി. തുടർന്ന് മോഹൻ ശർമ പരംജിത്തിനെ വീട്ടിൽനിന്ന് പുറത്തേക്ക് വിളിച്ചുവരുത്തി പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം.
ജോലി ആവശ്യങ്ങൾക്കായി പതിവായി സിംഗപ്പൂരിലേക്ക് യാത്ര ചെയ്തിരുന്ന പരംജിത് നവംബർ അഞ്ചിനാണ് ഫരീദാബാദിലെ വീട്ടിലെത്തിയത്. നവംബർ 24ന് നടക്കാനിരിക്കുന്ന അനന്തരവന്റെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു മടക്കം. കുടുംബത്തിൽ വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.
വെടിവയ്പ്പിനെക്കുറിച്ച് വിവരം ലഭിച്ചതോടെ പൊലീസ്, ക്രൈംബ്രാഞ്ച്, ഫോറൻസിക് സംഘങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവസ്ഥലത്തുനിന്ന് നിരവധി ഒഴിഞ്ഞ വെടിയുണ്ടത്തൊണ്ടുകൾ കണ്ടെടുത്തു. പരംജിത്തിന്റെ മകൻ ശൗര്യ ധൻഖറിന്റെ പരാതിയിൽ സൂരജ്കുണ്ഡ് പൊലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ കൊലപാതകവുമായി ബന്ധപ്പെട്ട 103(1) വകുപ്പ് പ്രകാരവും ആയുധനിയമപ്രകാരവും കേസെടുത്തു.
വെടിവയ്പ്പിന് പിന്നാലെ മോഹൻ ശർമ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി ഫരീദാബാദ് പൊലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായി വിവിധ പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.



