ചെന്നൈ: ഉലകനായകൻ കമൽഹാസന് ജന്മദിനാശംസകൾ നേർന്ന് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ. കമൽഹാസന്റെ 72-ാം ജന്മദിനത്തോടനുബന്ധിച്ചാണ് മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ പങ്കുവച്ചത്.
“പ്രിയപ്പെട്ട കമൽ സാറിന് ജന്മദിനാശംസകൾ. തുടർന്നും നല്ല ആരോഗ്യവും സന്തോഷവും നിറഞ്ഞ ജീവിതവും ഉണ്ടാകട്ടെ. നിങ്ങളുടെ അസാധാരണമായ കഴിവുകൾ തലമുറകൾക്ക് പ്രചോദനമാകട്ടെ. ഇന്ത്യൻ സിനിമയ്ക്ക് ഇനിയും നിരവധി വർഷങ്ങൾ നിങ്ങളുടെ കലാസൃഷ്ടികൾ കൊണ്ട് സമ്പന്നമാക്കാൻ കഴിയട്ടെ. മനോഹരമായ ഒരു വർഷം ആശംസിക്കുന്നു” എന്നായിരുന്നു മോഹൻലാലിന്റെ കുറിപ്പ്.
കമൽഹാസന്റെ കലാജീവിതത്തെയും ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകളെയും എടുത്തുപറഞ്ഞുകൊണ്ടുള്ള ആശംസ ആരാധകരുടെയും ശ്രദ്ധ നേടുകയാണ്. സിനിമയ്ക്കപ്പുറം രാഷ്ട്രീയത്തിലും സജീവമായ കമൽഹാസന് വിവിധ മേഖലകളിൽ നിന്നുള്ള ആശംസകൾ പ്രവഹിക്കുകയാണ്.
അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയുടെ ഭാഗമായ കമൽഹാസൻ അഭിനയത്തിലും സംവിധാനത്തിലും തിരക്കഥാരചനയിലും നിർമ്മാണത്തിലുമെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലും ശ്രദ്ധേയമായ സിനിമകളുടെ ഭാഗമായി അദ്ദേഹം മാറി.



