കൊച്ചി : യുവത്വം മോദിയെ വിശ്വസിക്കുന്നില്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. കൊച്ചിയിൽ നടന്ന ‘ജന്തർ മന്തർ അറ്റ് കൊച്ചി’ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇന്നത്തെ യുവാക്കൾ ഗാന്ധിജിയുടെയും അംബേദ്കറുടെയും ആശയങ്ങൾ നെഞ്ചിലേറ്റിയാണ് മുന്നോട്ട് പോകുന്നതെന്നും ജനാധിപത്യം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിന് പുതിയ തലമുറ തയ്യാറാണെന്നും പ്രകാശ് രാജ് പറഞ്ഞു.
കേന്ദ്ര സർക്കാരിനെ പരിഹസിച്ചുകൊണ്ട്, “നിങ്ങൾ കഴിഞ്ഞു ബ്രോ, ഞങ്ങൾക്ക് യുവാക്കളെ വേണം ബ്രോ, പാർലമെന്റിൽ യുവാക്കൾ വരും ബ്രോ” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അടുത്ത 50 വർഷം വോട്ട് ചെയ്യാൻ പോകുന്നത് ഇന്നത്തെ യുവതലമുറയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യുവാക്കളുടെ രാഷ്ട്രീയ ബോധവും പങ്കാളിത്തവും രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നതിൽ നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, 2029-ൽ മോദി അധികാരത്തിൽ നിന്ന് പുറത്താകുമെന്ന് അഭിജീത് ദീപ്കെയും പ്രസംഗത്തിൽ പറഞ്ഞു. പരിപാടിയിലെ പരാമർശങ്ങൾ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.



