വാഷിങ്ടൺ: ഇറാനിലേക്കുള്ള കരമാർഗങ്ങളിലൂടെയുള്ള ആയുധങ്ങളുടെയും ഉപരോധം ഏർപ്പെടുത്തിയ വസ്തുക്കളുടെയും നീക്കം തടയാൻ പുതിയ സൈനിക ദൗത്യസംഘം രൂപീകരിച്ച് അമേരിക്ക. ഇറാനെതിരായ മാസങ്ങളായി തുടരുന്ന നാവിക ഉപരോധം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ‘ടാസ്ക് ഫോഴ്സ് അയൺ ഗേറ്റ്’ എന്ന പേരിൽ പുതിയ സംഘത്തിന് രൂപം നൽകിയിരിക്കുന്നത്.
അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ (CENTCOM) നേതൃത്വത്തിലാണ് ദൗത്യസംഘം പ്രവർത്തിക്കുക. ഏകദേശം 20 സൈനികരും സിവിലിയൻ ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘം ഫ്ലോറിഡയിലെ ടാമ്പ ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുക. ഇറാന്റെ കര അതിർത്തികളിലൂടെയും കാസ്പിയൻ കടൽ വഴിയുമുള്ള ആയുധനീക്കം നിരീക്ഷിക്കുകയും തടയുകയുമാണ് പ്രധാന ലക്ഷ്യം.
ആധുനിക ആയുധ സംവിധാനങ്ങൾ, ഇരട്ട ഉപയോഗത്തിന് സാധിക്കുന്ന സാങ്കേതികവിദ്യകൾ, ഉപരോധം ഏർപ്പെടുത്തിയ വസ്തുക്കൾ, അനധികൃത സാമ്പത്തിക ഇടപാടുകൾ എന്നിവയുടെ നീക്കം തടയുന്നതിനായി അമേരിക്കയിലെ വിവിധ സർക്കാർ ഏജൻസികളുമായി സംഘം ഏകോപിച്ച് പ്രവർത്തിക്കും. ഇറാന് ആയുധശേഖരം പുനഃസ്ഥാപിക്കാനും സൈനിക ശേഷി വർധിപ്പിക്കാനും സാമ്പത്തിക സഹായം ലഭിക്കുന്നത് തടയുകയാണ് ലക്ഷ്യമെന്ന് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ വ്യക്തമാക്കി.
ഇറാന്റെ തുറമുഖങ്ങൾ ലക്ഷ്യമിട്ടുള്ള നാവിക ഉപരോധം വഴി 25 ബില്യൺ ഡോളറിലധികം മൂല്യമുള്ള അസംസ്കൃത എണ്ണ കയറ്റുമതി തടയാനായെന്നാണ് അമേരിക്കയുടെ അവകാശവാദം. എന്നാൽ, നാവിക ഉപരോധങ്ങൾക്കിടയിലും റഷ്യയിൽനിന്നും മധ്യേഷ്യൻ രാജ്യങ്ങളിൽനിന്നും ചൈനയിൽനിന്നുമുള്ള വിവിധ മാർഗങ്ങളിലൂടെ ഇറാൻ സൈനിക ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ രാജ്യത്തെത്തിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, അമേരിക്കയുടെ പുതിയ നീക്കത്തിനെതിരെ ഇറാനും രംഗത്തെത്തി. രാജ്യത്തിന്റെ വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ തടയാനുള്ള അമേരിക്കൻ ശ്രമം വിജയിക്കില്ലെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്സ് വക്താവ് ഹൊസൈൻ മൊഹെബി പ്രതികരിച്ചു. അയൽരാജ്യങ്ങളുമായുള്ള ബന്ധവും ആശയവിനിമയവും തടയാൻ അമേരിക്കയ്ക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് നാവിക ഉപരോധത്തിന് പുറമെ കരമാർഗങ്ങളിലേക്കും സമ്മർദം വ്യാപിപ്പിക്കാനുള്ള വാഷിങ്ടണിന്റെ നീക്കം. മേഖലയിൽ വീണ്ടും സൈനിക സംഘർഷം രൂക്ഷമാകുമോ എന്ന ആശങ്കയ്ക്കിടയിൽ നയതന്ത്ര ചർച്ചകളും തുടരുകയാണ്.



