ബെംഗളൂരു: ഭാര്യയെയും ഭാര്യയുടെ കുടുംബത്തിലെ ആറുപേരെയും കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ ബെംഗളൂരു സ്വദേശി എസ്. ഇന്ദുശേഖറിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ചെറിയ കാര്യങ്ങൾക്കുപോലും അയൽവാസികളുമായി തർക്കമുണ്ടാക്കുകയും ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സ്വഭാവക്കാരനായിരുന്നു ഇയാളെന്ന് നാട്ടുകാർ പറയുന്നു. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം അവകാശപ്പെട്ട് ഇയാൾ കേസ് നൽകിയിരുന്നതായും അയൽവാസികൾ വെളിപ്പെടുത്തി.
52കാരനായ ഇന്ദുശേഖർ രാജാജിനഗറിലെ കെട്ടിടത്തിന്റെ ടെറസിലുള്ള ചെറിയ മുറിയിലായിരുന്നു താമസം. ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാൾ സ്വയം മാധ്യമപ്രവർത്തകനെന്നും അവകാശപ്പെട്ടിരുന്നു. പ്രാദേശിക പത്രവും യൂട്യൂബ് വാർത്താ ചാനലും നടത്തിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ചോദ്യം ചെയ്യുന്നവരോട് മാധ്യമപ്രവർത്തകനെന്ന നിലയിൽ സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
ഭാര്യ സുനിത, ഭാര്യയുടെ അമ്മ രൂപവതി, സഹോദരന്മാരായ ശിവകുമാർ, ശങ്കർ, ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ശിവകുമാറിന്റെ ഏഴുവയസുകാരനായ മകൻ എന്നിവരെയാണ് കൊലപ്പെടുത്തിയതെന്നാണ് കേസ്. 15 മുതൽ 20 ദിവസം വരെയുള്ള കാലയളവിനുള്ളിൽ പല ഘട്ടങ്ങളിലായാണ് കൊലപാതകങ്ങൾ നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഭാര്യയുടെ മാതൃവീട്ടുകാരുമായുള്ള അടുപ്പവും കുടുംബപ്രശ്നങ്ങളിൽ അവരുടെ ഇടപെടലും ഇന്ദുശേഖറിനെ പ്രകോപിപ്പിച്ചിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. എന്നാൽ കുടുംബത്തിന്റെ സ്വത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്ന മറ്റൊരു ആരോപണവും പൊലീസ് പരിശോധിച്ചുവരികയാണ്. ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
മൈസൂരുവിലെ ചാമുണ്ഡി കുന്നിന് സമീപത്തുനിന്ന് ശിവകുമാറിന്റെയും ഭാര്യ ദിവ്യയുടെയും മൃതദേഹങ്ങൾ ഞായറാഴ്ച കണ്ടെത്തി. ഇതോടെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം അഞ്ചായി. ബാക്കിയുള്ള രണ്ടുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. നന്ധി ഹിൽസ്, തമിഴ്നാട്ടിലെ യേർക്കാട് വനമേഖല എന്നിവിടങ്ങളിൽനിന്നാണ് നേരത്തെ മറ്റു മൃതദേഹങ്ങൾ കണ്ടെത്തിയത്.
മൃതശരീരങ്ങൾ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കാൻ ഉപയോഗിച്ചെന്ന് സംശയിക്കുന്ന കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹങ്ങളുടെ ദുർഗന്ധം മറയ്ക്കാൻ കാറിൽ പെർഫ്യൂം ഉപയോഗിച്ചെന്ന സംശയവും അന്വേഷണത്തിലുണ്ട്. കേസിൽ പ്രതിയുടെ 17 വയസ്സുള്ള മകളുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ കുട്ടിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം തുടരുകയാണ്. സംഭവത്തിൽ ഇന്ദുശേഖറിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.
അയൽവാസികളിൽ സംശയം ജനിപ്പിക്കാതെ തിരക്കേറിയ താമസമേഖലയിൽ ഇത്രയും കൊലപാതകങ്ങൾ എങ്ങനെ നടപ്പാക്കി, മൃതദേഹങ്ങൾ എങ്ങനെ കടത്തിക്കൊണ്ടുപോയി എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണസംഘം ഇനി കണ്ടെത്തേണ്ടത്.



