ലഖ്നൗ: അയോധ്യയിലെ വികസനത്തെച്ചൊല്ലി കോൺഗ്രസിനും സമാജ്വാദി പാർട്ടിക്കുമെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയുടെ വികസനവും പൈതൃക സംരക്ഷണവും പ്രതിപക്ഷത്തിന് സഹിക്കാനാകുന്നില്ലെന്നും രാഷ്ട്രീയ നിലനിൽപ്പിനെക്കുറിച്ചുള്ള ഭയമാണ് വ്യാജപ്രചാരണങ്ങൾക്ക് പിന്നിലെന്നുമാണ് യോഗിയുടെ ആരോപണം. ഗോരഖ്പൂരിലെ ദീപാവലി ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമക്ഷേത്ര നിർമ്മാണത്തെ നേരത്തെ എതിർത്ത കോൺഗ്രസും എസ്.പിയും ഇപ്പോൾ അയോധ്യയുടെ വികസനം തടയാൻ ശ്രമിക്കുകയാണെന്നും യോഗി കുറ്റപ്പെടുത്തി. റോഡുകൾ, വൈദ്യുതി, വിമാനത്താവളം, റെയിൽവേ തുടങ്ങിയ മേഖലകളിൽ അയോധ്യ വലിയ പുരോഗതി കൈവരിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. വികസന പ്രവർത്തനങ്ങൾ തുടരുന്നതോടെ അയോധ്യയുടെ പഴയ പ്രതാപം തിരിച്ചുവരികയാണെന്നും യോഗി കൂട്ടിച്ചേർത്തു.
അതേസമയം, ക്ഷേത്രത്തിലെ സംഭാവന മോഷണവുമായി ബന്ധപ്പെട്ട വിവാദം ഉയർത്തിയാണ് എസ്.പി നേതാവ് അഖിലേഷ് യാദവ് യോഗിക്ക് മറുപടി നൽകിയത്. സംഭവത്തിലെ പ്രധാന പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സർക്കാർ വ്യക്തത വരുത്തണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. ഓ2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അയോധ്യയെച്ചൊല്ലിയുള്ള ഈ രാഷ്ട്രീയ പോര് കൂടുതൽ ശക്തമാകുമോ എന്നാണ് ഇനി അറിയേണ്ടത്. ഇരുപാർട്ടികളുടെയും അടുത്ത പ്രതികരണങ്ങൾക്കായി രാഷ്ട്രീയ ലോകം കാത്തിരിക്കുകയാണ്.



