ബോളിവുഡിലെ താരദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂറും തമ്മിലുള്ള രസകരമായ ചില രഹസ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. കരീനയുടെ വ്യത്യസ്തമായ ദിനചര്യകളെക്കുറിച്ചും രാത്രിയിലെ മൗനത്തെക്കുറിച്ചും സെയ്ഫ് ഒരു ഷോയിൽ തുറന്നുപറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാത്രി പത്തു മണി കഴിഞ്ഞാൽ കരീനയോട് സംസാരിക്കാൻ കഴിയില്ലെന്നും, ഉറങ്ങാൻ കിടന്നാൽ പിന്നെ അവൾ പൂർണ്ണമായും നിശബ്ദയായിരിക്കുമെന്നും സെയ്ഫ് പറയുന്നു.
കരീനയുടെ ഈ പെട്ടെന്നുള്ള മൗനം ആദ്യമൊക്കെ തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ലെന്നും, താൻ എന്തെങ്കിലും തെറ്റ് ചെയ്തതുകൊണ്ടാണോ അവൾ മിണ്ടാത്തതെന്ന് രണ്ടു വർഷത്തോളം താൻ സംശയിച്ചിരുന്നുവെന്നും അദ്ദേഹം തമാശയായി വെളിപ്പെടുത്തി.
എന്നാൽ രാത്രിയിലെ ഈ നിശബ്ദത തന്റെ ‘മീ ടൈം’ ആണെന്നായിരുന്നു കരീനയുടെ മറുപടി. രാത്രിയിൽ തീർത്തും നിശബ്ദയാകുന്ന താൻ, രാവിലെ എഴുന്നേറ്റാൽ നേരെ തിരിച്ചാണെന്നും കരീന വ്യക്തമാക്കുന്നു.
രാവിലെ നല്ല ഊർജത്തോടെ കാണുന്ന താൻ ഗോസിപ്പുകളും ചുറ്റുമുള്ള വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് ഫോണിലൂടെ വാചാലയാകാറുണ്ടെന്നും താരം പറഞ്ഞു. രാവിലെ കരീനയുടെ സംസാരപ്രവാഹം കണ്ട്, അവൾക്കൊന്ന് ശ്വാസമെടുക്കാൻ വേണ്ടി താൻ നോക്കിയിരിക്കാറുണ്ടെന്നാണ് സെയ്ഫ് ഇതിന് മറുപടിയായി പറഞ്ഞത്. കരീനയുടെ ഈ വിചിത്രവും രസകരവുമായ സ്വഭാവവിശേഷങ്ങൾ ആരാധകരെയും ഏറെ ചിരിപ്പിച്ചിരിക്കുകയാണ്.



