ന്യൂഡൽഹി: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ പൊള്ളലേറ്റ 135 പേർ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സ തേടി. നവംബർ 7, 8 തീയതികളിലായി ആശുപത്രിയിലെ ബേൺസ് എമർജൻസി വിഭാഗത്തിലാണ് ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്തത്.
ആശുപത്രി അധികൃതർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 135 പേരിൽ 129 പേർക്ക് പടക്കങ്ങളിൽ നിന്നാണ് പൊള്ളലേറ്റത്. ബാക്കിയുള്ള ആറ് പേർ ദീപങ്ങളിൽ നിന്നുണ്ടായ പൊള്ളലിനെ തുടർന്ന് ചികിത്സ തേടിയവരാണ്.
പടക്കങ്ങൾ പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റ 35 കുട്ടികൾ ആശുപത്രിയിലെ ഒ.പി. വിഭാഗത്തിൽ ചികിത്സ നേടി. ഇതിൽ ഒരു കുട്ടിയെ തുടർചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദീപാവലി ആഘോഷത്തോടനുബന്ധിച്ച് പൊള്ളലേറ്റവരുടെ എണ്ണം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ആശുപത്രി നേരത്തെ തന്നെ 20 കിടക്കകൾ സജ്ജീകരിച്ചിരുന്നു. നിലവിൽ ദീപാവലിയുമായി ബന്ധപ്പെട്ട പൊള്ളൽ പരിക്കുകളുള്ള ഏഴ് പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
പടക്കങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും കുട്ടികൾക്ക് മുതിർന്നവരുടെ മേൽനോട്ടം ഉറപ്പാക്കണമെന്നും ആശുപത്രി അധികൃതർ നിർദേശിച്ചു. സുരക്ഷാ മുൻകരുതലുകൾ പാലിക്കുകയും ഉത്തരവാദിത്തത്തോടെ ആഘോഷിക്കുകയും ചെയ്യുന്നതിലൂടെ ഇത്തരം അപകടങ്ങൾ കുറയ്ക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, ഡൽഹിയിലെ നരേലയിൽ പടക്കം പൊട്ടിക്കുന്നതിനിടെ പത്തുവയസുകാരൻ മരിച്ച സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കങ്ങൾ സൃഷ്ടിക്കുന്ന അപകടസാധ്യതകൾ വീണ്ടും ചർച്ചയാകുകയാണ്.



