ന്യൂഡൽഹി: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായ കനത്ത തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. നവംബർ മൂന്നിന് നടന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ നേടിയ മുന്നേറ്റം ഭരണകക്ഷിക്ക് സാധാരണയായി നേരിടേണ്ടിവരുന്ന തിരിച്ചടിയേക്കാൾ വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ബ്ലിങ്കൻ.
ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ വാഗ്ദാനങ്ങൾ പാലിക്കാത്തതും വിലക്കയറ്റവും അഴിമതിയെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകളുമാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്ന് ബ്ലിങ്കൻ വിലയിരുത്തി. ഡെമോക്രാറ്റ് എന്ന നിലയിൽ തിരഞ്ഞെടുപ്പിന് മുമ്പ് തനിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നുവെന്നും എന്നാൽ പുറത്തുവന്ന ഫലം ഇത്രത്തോളം ആയിരിക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
2021 മുതൽ 2025 വരെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ബ്ലിങ്കൻ, തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ വിഷയങ്ങളിൽ നിന്ന് അകന്നുനിന്നിരുന്നുവെന്നും ഇപ്പോൾ ഒരു പൗരൻ എന്ന നിലയിൽ രാഷ്ട്രീയത്തിൽ അഭിപ്രായം പറയാൻ കഴിയുമെന്നും വ്യക്തമാക്കി.
ഇസ്രയേലിനോടുള്ള അമേരിക്കൻ ജനതയുടെ നിലപാടിൽ മാറ്റം പ്രകടമായിട്ടുണ്ടെന്നും ബ്ലിങ്കൻ ചൂണ്ടിക്കാട്ടി. എന്നാൽ ഈ വിഷയം രാജ്യവ്യാപകമായി തിരഞ്ഞെടുപ്പ് ഫലത്തെ നിർണയിച്ച പ്രധാന ഘടകമായിരുന്നില്ലെന്നാണ് അഭിപ്രായം. ചില മണ്ഡലങ്ങളിൽ അത് വോട്ടർമാരെ സ്വാധീനിച്ചിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ നാലുവർഷത്തെ ഭരണകാലത്തിന്റെ പകുതിയിൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ജനപ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100ൽ 35 സീറ്റുകളിലേക്കും 36 ഗവർണർ സ്ഥാനങ്ങളിലേക്കുമാണ് മത്സരം നടന്നത്. തിരഞ്ഞെടുപ്പിൽ ജനപ്രതിനിധിസഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടി. ഇതോടെ കോൺഗ്രസിന്റെ ഇരുസഭകളിലെയും റിപ്പബ്ലിക്കൻ നിയന്ത്രണം നഷ്ടമായി.



