ന്യൂഡൽഹി: നിശ്ചിത പ്രതിഷേധ വേദി അനിശ്ചിതകാലം കൈവശം വയ്ക്കാൻ വ്യക്തിക്കോ സംഘടനയ്ക്കോ അവകാശമില്ലെന്ന് സുപ്രീംകോടതി. പൊതുസ്ഥലങ്ങളിൽ പ്രതിഷേധിക്കാനുള്ള അവകാശം മറ്റുള്ളവർക്കും തുല്യമായി ലഭിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരും ബെഞ്ചിലുണ്ടായിരുന്നു.
ജൂലൈയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതൃത്വം നൽകിയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. പാർലമെന്റിലേക്ക് മാർച്ച് നടത്താനുള്ള നീക്കവും പ്രതിഷേധത്തിനിടെയുണ്ടായ അക്രമസംഭവങ്ങളും പിന്നാലെ പൊലീസ് നടപടിയും ഇന്റർനെറ്റ് നിയന്ത്രണങ്ങളും മെട്രോ സ്റ്റേഷനുകൾ അടച്ചതുമെല്ലാം ഹർജികളിൽ ഉന്നയിച്ചിരുന്നു. ദീർഘകാല പ്രതിഷേധം വ്യാപാരത്തെ ബാധിച്ചെന്നാരോപിച്ച് ഡൽഹിയിലെ വ്യാപാരികളും കോടതിയെ സമീപിച്ചിരുന്നു.
“നിശ്ചിത പ്രതിഷേധ വേദിയിൽ പ്രതിഷേധിക്കാനുള്ള അവകാശം പോലും ഒരു നിശ്ചിത കാലയളവിലേക്ക് മാത്രമായിരിക്കണം. ഒരു പ്രതിഷേധ വേദി എന്നെന്നേക്കുമായി കൈവശം വയ്ക്കാനാകില്ല. കർഷകർ, വ്യാപാരികൾ, മാധ്യമപ്രവർത്തകർ എന്നിവർ എവിടെ പോകും? എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്. നിശ്ചിത കാലയളവിലേക്ക് മാത്രമേ പ്രതിഷേധ വേദികൾ അനുവദിക്കാവൂ,” ബെഞ്ച് നിരീക്ഷിച്ചു.
പ്രതിഷേധം നിരോധിക്കണമെന്ന വ്യാപാരികളുടെ ആവശ്യം പരിഗണിക്കവെ, പ്രതിഷേധിക്കാനുള്ള അവകാശവും വ്യാപാരം നടത്താനും ഉപജീവനം കണ്ടെത്താനുമുള്ള അവകാശവും ഒരുപോലെ പ്രധാനമാണെന്ന് കോടതി വ്യക്തമാക്കി. ഏതെങ്കിലും ഒരു വിഭാഗം അവകാശം ഉപേക്ഷിക്കേണ്ട സാഹചര്യമല്ലെന്നും പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരുടെ ഉപജീവനത്തെ തടസ്സപ്പെടുത്താത്ത രീതിയിൽ പ്രതിഷേധം നടത്താനുള്ള സംവിധാനമാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
ഡൽഹിയിൽ അടുത്ത രണ്ട് മാസത്തേക്ക് അനുമതിയോടെയോ അല്ലാതെയോ പ്രതിഷേധങ്ങളും ധർണകളും നിരോധിക്കണമെന്ന് വ്യാപാരികൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശവും വ്യാപാരത്തിനും ഉപജീവനത്തിനുമുള്ള അവകാശവും തമ്മിലുള്ള തുലനമാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി. പ്രതിഷേധങ്ങൾ സംഘടിപ്പിച്ച സംഘടനകളെ കേസിൽ കക്ഷികളാക്കാനും വ്യാപാരികൾക്കുണ്ടായ സാമ്പത്തിക നഷ്ടത്തിന്റെ കണക്കുകൾ സമർപ്പിക്കാനും കോടതി നിർദേശിച്ചു.
ജൂലൈ 20ന് നടന്ന പ്രതിഷേധത്തിന് ഒരു ദിവസത്തേക്ക് മാത്രമാണ് അനുമതി നൽകിയതെന്നും എന്നാൽ പ്രതിഷേധക്കാർ 17 ദിവസത്തോളം വേദി കൈവശം വെച്ചെന്നും കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനും വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. അനുമതിയില്ലാതെ പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ആഹ്വാനം ചെയ്തതായും അദ്ദേഹം ആരോപിച്ചു.
പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് നടപടികൾ, നിയമവിരുദ്ധ തടങ്കൽ, മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുടെ ഉപയോഗം, പ്രതിഷേധക്കാരുടെ നിരീക്ഷണം തുടങ്ങിയ വിഷയങ്ങളും കോടതി പരിഗണിക്കുന്നുണ്ട്. ജന്തർ മന്തറിനെ പ്രതിഷേധ വേദിയായി പ്രഖ്യാപിച്ച നടപടി പിൻവലിച്ച് റാംലീല മൈതാനം, ബുറാരി മൈതാനം, സി.ബി.ഡി മൈതാനം എന്നിവിടങ്ങളിലേക്ക് പ്രതിഷേധങ്ങൾ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദവും കോടതിയുടെ പരിഗണനയിലാണ്.
പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെ സാന്നിധ്യം മാത്രമല്ല, മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യക്തികളെ തിരിച്ചറിയുകയും ഡാറ്റാബേസുകളുമായി താരതമ്യം ചെയ്യുകയും ചെയ്യുന്നത് സ്വകാര്യതയെ ബാധിക്കുന്നുണ്ടോ എന്നതും പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. ഇതിന് നിയമപരമായ അടിസ്ഥാനവും സർക്കാരിന്റെ വ്യക്തമായ ലക്ഷ്യവും ഉണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു.
ഹർജികളിൽ ഉന്നയിച്ച വിവിധ വിഷയങ്ങൾ വിഭാഗം തിരിച്ച് പരിഗണിക്കുമെന്നും അഭിഭാഷകർക്ക് വാദങ്ങൾ അവതരിപ്പിക്കാൻ നിശ്ചിത സമയം അനുവദിക്കുമെന്നും കോടതി അറിയിച്ചു.



