ലക്നൗ: 2027 ൽ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ‘ശ്രീകൃഷ്ണ ജന്മഭൂമി’ വിഷയം ഉയര്‍ത്തിക്കാട്ടാനൊരുങ്ങി ബിജെപി. ഹിന്ദു വിശ്വാസ പ്രകാരം ശ്രീകൃഷ്ണന്‍ ജനിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന മഥുരയില്‍ ശ്രീകൃഷ്ണ ക്ഷേത്രം നിര്‍മിക്കാനുള്ള ഉചിതമായ സമയമാണിതെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചതുപോലെ നിയമപരമായ നടപടികളിലൂടെയോ പരസ്പര സമ്മതത്തോടെയോ മഥുരയിലെ ക്ഷേത്ര നിര്‍മാണവും വിപുലീകരണവും മുന്നോട്ട് കൊണ്ടുപോകാന്‍ ബിജെപി തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയോധ്യയ്ക്കും കാശിക്കും ശേഷം ഈ തിരഞ്ഞെടുപ്പില്‍ മഥുര വലിയൊരു പ്രചാരണ വിഷയമാണെന്നും, ഇതിലൂടെ ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ബിജെപി അധികാരം പിടിക്കുമെന്നും മഥുര എംപി ഹേമമാലിനി പറഞ്ഞു. 1992 ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ ബിജെപിയും സംഘപരിവാറും ഉയര്‍ത്തിയ മുദ്രാവാക്യങ്ങളിലൊന്ന് കാശിയും മഥുരയും ലക്ഷ്യമിട്ടുള്ളത് തന്നെയായിരുന്നു. മറ്റ് വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ച്, മഥുരയെന്ന ആ ലക്ഷ്യമാണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടാന്‍ ഒരുങ്ങുന്നത്.
മഥുരയിലെ കൃഷ്ണ ജന്മസ്ഥാന്‍ ക്ഷേത്രത്തിന് സമീപമുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിന്റെ ഭരണകാലത്ത് ക്ഷേത്രത്തിന്റെ ഒരു ഭാഗം തകര്‍ത്താണ് ഈ പള്ളി പണിതതെന്നാണ് ബിജെപി അവകാശപ്പെടുന്നത്. പ്രാദേശിക കോടതിയിലും അലഹാബാദ് ഹൈക്കോടതിയിലും ഹിന്ദുത്വ സംഘടനകള്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്. പള്ളി കമ്മിറ്റി തങ്ങളുടെ അവകാശവാദം പിന്‍വലിച്ച് ക്ഷേത്ര വികസനത്തിന് വഴിയൊരുക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.



