ഒരുകാലത്ത് ബിഗ് ബോസ് വീട്ടിൽ പരസ്പരം ഏറ്റുമുട്ടിയവർ, ഇപ്പോഴിതാ പരസ്പരം പ്രശംസിച്ച് രംഗത്ത്, ബിഗ് ബോസ് മലയാളം സീസൺ 4 താരങ്ങളായ റോബിൻ രാധാകൃഷ്ണനും റിയാസ് സലീമുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ബിഗ് ബോസ് മലയാളം കണ്ട ഏറ്റവും മികച്ച മത്സരാർത്ഥികളിലൊരാളാണ് റിയാസെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് റോബിൻ.
ഗെയിമിന്റെ തന്ത്രങ്ങളും ഷോയുടെ യഥാർത്ഥ സ്വഭാവവും കൃത്യമായി മനസ്സിലാക്കിയ മികച്ച മത്സരാർത്ഥിയാണ് റിയാസെന്നും റോബിൻ കുറിച്ചു. നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയ റിയാസിനെ നല്ലൊരു മനുഷ്യനെന്നും റോബിൻ വിശേഷിപ്പിച്ചു. തന്റെ വിജയത്തിനും ജനപ്രീതിക്കും പിന്നിൽ റിയാസിന്റെ സാന്നിധ്യത്തിനും വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോബിന്റെ വാക്കുകൾക്ക് നന്ദി അറിയിച്ച് റിയാസും രംഗത്തെത്തി. റോബിൻ പറഞ്ഞ ഓരോ വാക്കും തനിക്ക് ഏറെ വിലപ്പെട്ടതാണെന്നും ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും റിയാസ് പ്രതികരിച്ചു. ഒരുകാലത്ത് വലിയ തർക്കങ്ങൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും വേദിയായ ഇരുവരുടെയും ബന്ധത്തിൽ വന്ന ഈ മാറ്റം ആരാധകരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇരുവരുടെയും ഈ സൗഹൃദനിമിഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്.



