ഡൽഹി: ഡൽഹി പൊലീസിന്റെ ബോണ്ട് നോട്ടീസിനെതിരെ ഐസ അധ്യക്ഷ നേഹ ബോറ ഡൽഹി ഹൈക്കോടതിയെ സമീപിക്കും. 10,000 രൂപയുടെ ബോണ്ടും ആൾജാമ്യവും നൽകണമെന്നാണ് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നോട്ടീസിലെ നിർദേശം. നോട്ടീസ് ഭരണഘടനയുടെ 19, 21 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്.
നോട്ടീസ് പിൻവലിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടും. അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക സംഘം ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സമീപിക്കുമെന്നും ഐസ അറിയിച്ചു.
ഈ മാസം 16ന് കസ്റ്റഡിയിൽനിന്ന് വിട്ടയച്ചതിന് ശേഷവും മഫ്തിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ നേഹയെ പിന്തുടരുന്നതായും ഐസ ആരോപിച്ചു. സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥി നേതാക്കളെ ബോണ്ട് ഒപ്പിടുവിച്ച് പ്രതിഷേധങ്ങളിൽനിന്ന് പിന്തിരിപ്പിക്കാൻ ഡൽഹി പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് നേഹ ബോറയുടെ നിയമനീക്കം.



