തിരുവനന്തപുരം: തിരുവനന്തപുരം അണ്ടൂര്‍ക്കോണം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഓട്ടിസം ബാധിതന് മരുന്ന് മാറി നല്കിയ സംഭവത്തില്‍ ഫാര്‍മസിസ്റ്റിന് സസ്പെന്ഷന്. ഫര്‍മസിസ്റ്റ് ഷിജിലക്കെതിരെയാണ് നടപടി. മരുന്ന് മാറിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അണ്ടൂര്‍ക്കോണം സ്വദേശി ഇരുപത്തിയാറുകാരനായ അംബരീഷ് ഇപ്പോഴും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അപസ്മാരത്തിനുള്ള മരുന്നിന് പകരം മനോരോഗത്തിനുള്ള മരുന്നാണ് ഷിജില നല്‍കിയത്.
അംബരീഷ് വര്‍ഷങ്ങളായി അപസ്മാരത്തിന് മരുന്ന് കഴിക്കുന്നതാണ്. ഓരോ മാസവും സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും അപസ്മാരത്തിനുള്ള മരുന്ന് വാങ്ങും. ഇത്തരത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച ഡോക്ടറെ കാണുകയും ഡോക്ടര്‍ കണ്ടിന്യൂ എന്ന് എഴുതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഫാര്‍മസിയില്‍ നിന്നും അപസ്മാരത്തിനുള്ള ‘ക്ലോബാസം’ എന്ന മരുന്നിന് പകരം ‘ക്ലോസാപ്പൈന്’ എന്ന മരുന്ന് നല്‍കുകയായിരുന്നു. രണ്ട് മരുന്നുകളും പേരില്‍ മാത്രമല്ല, കാഴ്ചയിലും സാമ്യമുണ്ടായിരുന്നുവെന്നാണ് അംബരീഷിന്റെ അമ്മ പറയുന്നത്.
മരുന്ന് കഴിച്ചതിന് പിന്നാലെ അബോധാവസ്ഥയിലായ അംബരീഷിനെ ആദ്യം അണ്ടൂര്‍കോണം സിഎച്ച്സിയിലേക്കും പിന്നെ മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പോത്തന്‍കോട് പൊലീസിലും ഡിഎംഒയ്ക്കും ബന്ധുക്കള്‍ പരാതി നല്കി. സംഭവത്തില്‍ ഗുരുതര അനാസ്ഥയുണ്ടായെന്ന് സമ്മതിച്ച ആരോഗ്യവകുപ്പ്, വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു.



