തിരുവനന്തപുരം: സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു. ചില ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവ മാറ്റിസ്ഥാപിക്കണോ എന്ന കാര്യം അടിയന്തരമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വിശ്വസിച്ച് ആരും ട്രാഫിക് നിയമങ്ങൾ ലംഘിക്കരുതെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂർണമായി നിരോധിച്ച് കേരള ഹൈക്കോടതി ഉത്തരവിനെതിരെയും മന്ത്രി രംഗത്തെത്തി. തേക്കിൻകാട് പൊതു സ്ഥലമാണെന്നും പൊതുസ്ഥലങ്ങളിൽ നിന്നും രാഷ്ട്രീയ പ്രവർത്തനം തടയുന്നത് ശരിയല്ലെന്നാണ് നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
ഡിവൈഎഫ്ഐ അടക്കം രാഷ്ട്രീയ സംഘടനകളുടെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. ഭക്ഷണം നൽകുന്നതിൽ തെറ്റില്ല. ഡിവൈഎഫ്ഐ നടത്തുന്ന ഭക്ഷണ വിതരണത്തിന് വേണ്ടി തന്റെ വീട്ടിൽ നിന്നും ഭക്ഷണം കൊടുക്കാറുണ്ട്. എന്നാൽ അതിനെ രാഷ്ട്രീയവൽക്കരിക്കുന്നത് ശരിയല്ല. രാഷ്ട്രീയവൽക്കരിക്കാതിരിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്നും മന്ത്രി വ്യക്തമാക്കി.
