ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. റെക്കോഡ് വിജയശതമാനമാണ് കേരളത്തിലെ സ്കൂളുകൾ സ്വന്തമാക്കിയത്. പത്താം ക്ലാസിൽ 99.96 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 99.97 ശതമാനം പേരും വിജയിച്ചു. ആകെ വിജയശതമാനം യഥാക്രമം 99.18-ഉം 99.13-മാണ്. കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസാണ് ഫലം പ്രഖ്യാപിച്ചത്. കൗൺസിലിന്റെ ഔദ്യോഗിക വെബ്സൈറ്റായ cisce.org വഴിയും results.cisce.org വഴിയും ഫലങ്ങൾ പരിശോധിക്കാം. ഇതിന് പുറമെ ഡിജിലോക്കർ , എസ്എംഎസ് സംവിധാനങ്ങൾ വഴിയും മാർക്ക് ലിസ്റ്റുകൾ ലഭ്യമാകും. കേരളത്തിൽ, 166 സ്കൂളുകളിൽ നിന്ന് 7,861 വിദ്യാർഥികൾ ഐസിഎസ്ഇ പരീക്ഷ എഴുതി. ഇതിൽ 7,858 പേർ വിജയിച്ചു. മൂന്ന് വിദ്യാർഥികൾ ഐസിഎസ്ഇ പരീക്ഷയിൽ പരാജയപ്പെട്ടു. 85 സ്കൂളുകളിൽനിന്ന് 3,058 വിദ്യാർഥികൾ ഐഎസ്സി പരീക്ഷ എഴുതി. ഇതിൽ 3,057 പേർ യോഗ്യത നേടി. ഒരാൾ മാത്രമാണ് പരാജയപ്പെട്ടത്. ഐസിഎസ്ഇ പരീക്ഷയിൽ പെൺകുട്ടികളുടെ വിജയശതമാനം 99.98 ആണ്. ആൺകുട്ടികളുടേത് 99.95 ശതമാനവുമാണ്. ഐഎസ്സി പരീക്ഷയിൽ മുഴുവൻ പെൺകുട്ടികളും വിജയിച്ചു. 99.94% ആൺകുട്ടികളും പരീക്ഷ പാസ്സായി.
ICSE, ISC പരീക്ഷകളിൽ തിളങ്ങി കേരളം
