ഡാമുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടില്ല, ആശങ്ക വേണ്ട : മന്ത്രി എ പി അനില്‍കുമാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മണിക്കൂറുകളില്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍ അറിയിച്ചു. രാത്രിയുടനീളം ഉദ്യോഗസ്ഥരും സര്‍ക്കാരും സ്ഥിതിഗതികള്‍ വിലയിരുത്തി വരികയായിരുന്നുവെന്നും ഇപ്പോഴും മഴയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മഴ ശമിച്ചിട്ടില്ലെങ്കിലും പൊതുവില്‍ ആശ്വാസമാണ് ഉള്ളതെന്നും പ്രയാസങ്ങളില്ലാത്ത രാത്രിയാണ് കടന്നുപോയതെന്നും വെള്ളം ഇറങ്ങിത്തുടങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.

അണക്കെട്ടുകളുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് മന്ത്രി വിശദീകരിച്ചു. സാധാരണ ഇതേ സമയത്ത് ലഭിക്കുന്ന ജലനിരപ്പിനും ഒരുപാട് താഴെ മാത്രമാണ് ഇത്തവണ ജലം ലഭിച്ചതെന്നായിരുന്നു കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വരെയുണ്ടായ ആശങ്ക. ഇപ്പോള്‍ ആശങ്കപ്പെടേണ്ടുന്ന തരത്തില്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടില്ല. അത്തരം ആശങ്കകളുടെ ആവശ്യമില്ല. അണക്കെട്ടുകളിലെ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്നൊരുക്കങ്ങളുടെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയെന്നും കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരെ ക്യാമ്പിലാക്കിയെന്നും മന്ത്രി പറഞ്ഞു. കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയാലും ക്യാമ്പുകളിലേക്ക് മാറാന്‍ ഇപ്പോഴും കുറച്ച് പേര്‍ വിമുഖത കാണിക്കുന്നുണ്ട്. അപകടമെന്ന് കണ്ടാല്‍ ഇവരെ മാറ്റാന്‍ ഫോഴ്‌സുപയോഗിക്കാന്‍ വരെ നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിര്‍ദേശമാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *