ഊട്ടി: ഊട്ടിയിലും കൊടൈക്കനാലിലും കനത്തമഴയും മണ്ണിടിച്ചിലും തുടരുന്നു. മേട്ടുപ്പാളയം– ഊട്ടി ദേശീയപാതയിലും മേട്ടുപ്പാളയം–കോത്തഗിരി സംസ്ഥാനപാതയിലും പലയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ബർലിയാറിൽ അർധരാത്രി സർക്കാർ ബസിന് മുകളിൽ മണ്ണും പാറയും വീണു. നീലഗിരി ജില്ലയിലും താഴ്‌വാര പ്രദേശമായ മേട്ടുപ്പാളയത്തും കനത്ത മഴയാണ് പെയ്യുന്നത്. കൂനൂർ റോഡിൽ 14 സ്ഥലങ്ങളിലും കോത്തഗിരി റോഡിൽ മൂന്നു സ്ഥലത്തും മണ്ണിടിച്ചിൽ ഉണ്ടായി.
കേരളത്തിൽ പാലാ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നെത്തിയ വിദ്യാർഥികൾ അടങ്ങുന്ന സഞ്ചാരികളുടെ വാഹനങ്ങൾ രാത്രി മണിക്കൂറുകൾ കുടുങ്ങിയെങ്കിലും പുലർച്ചയോടെ സുരക്ഷിതമായി മേട്ടുപ്പാളയത്തിൽനിന്നു പുറപ്പെട്ടു. കൂനൂർ – മേട്ടുപ്പാളയം കാനന പാതയിൽ റോഡിൽ ബർളിയാറിനും കൂനൂരിനും ഇടയിൽ വാഹനങ്ങൾ മുന്നോട്ടും പിന്നോട്ടും പോകാനാവാതെ പിടിച്ചിട്ടിരിക്കുകയാണ്. സ്ഥലത്ത് പൊലീസ് രക്ഷാപ്രവർത്തനം ഊർജ്ജപ്പെടുത്തിയിരിക്കുകയാണ്. നിലവിൽ മേട്ടുപ്പാളയത്തുവച്ചുതന്നെ ഊട്ടി ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും തടഞ്ഞിരിക്കുകയാണ്.
നീലഗിരി ജില്ലയിലേക്കുള്ള രണ്ടു പ്രവേശന കവാടങ്ങളും മാർഗങ്ങളും സുരക്ഷ മുൻനിർത്തി പൊലീസ് അടച്ചിട്ടു. ഇന്നും കനത്ത മഴക്കുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ നീലഗിരി ജില്ലയിലേക്കുള്ള യാത്ര മാറ്റിവയ്ക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഊട്ടിയിലേക്കുള്ള സർക്കാർ ബസുകൾ അടക്കം മേട്ടുപ്പാളയം ബസ് സ്റ്റാൻഡിൽ യാത്ര തൽക്കാലം അവസാനിപ്പിച്ചിരിക്കുകയാണ്. നീലഗിരിയിലാണ് കൂടുതൽ നാശനഷ്ടങ്ങൾ കണക്കാക്കുന്നത്.



