ഒമാൻ ഭരണാധികാരി ഞായറാഴ്ച്ച ഫ്രാൻസ് സന്ദർശിക്കും

മസ്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഞായറാഴ്ച ഫ്രാൻസ് സന്ദർശിക്കും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റ് ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് സുൽത്താന്റെ രണ്ട് ദിവസത്തെ സന്ദർശനം. ജൂൺ 28 മുതൽ 29 വരെയാണ് സന്ദർശനമെന്ന് റോയൽ കോർട്ട് ദിവാൻ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഒമാനും ഫ്രാൻസും തമ്മിലുള്ള ചരിത്രപരമായ സൗഹൃദബന്ധവും വിവിധ മേഖലകളിലെ സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

വ്യാപാരം, നിക്ഷേപം, പ്രതിരോധം, സാമ്പത്തിക സഹകരണം, സാങ്കേതികവിദ്യ, ഊർജം തുടങ്ങി വിവിധ മേഖലകളിലെ പങ്കാളിത്തം വിപുലീകരിക്കുന്നതിനുള്ള ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ, ആഗോള രാഷ്ട്രീയ-സുരക്ഷാ വിഷയങ്ങൾ, അന്താരാഷ്ട്ര തലത്തിലെ പുതിയ വെല്ലുവിളികൾ എന്നിവയിലും ഇരു രാജ്യങ്ങളുടെയും നേതൃത്വങ്ങൾ ആശയവിനിമയം നടത്തും.

പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ ഒമാനും ഫ്രാൻസും തമ്മിലുള്ള നയതന്ത്ര ഏകോപനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സന്ദർശനം വഴിയൊരുക്കും. ഒമാനും ഫ്രാൻസും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ വിപുലീകരിക്കുന്നതിലും ഉഭയകക്ഷി ബന്ധത്തിന് പുതിയ ദിശാബോധം നൽകുന്നതിലും സുൽത്താൻ ഹൈതമിന്‍റെ ഈ ഔദ്യോഗിക സന്ദർശനം നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *