ഡല്‍ഹി: രാജ്യസഭയിൽ കേരള ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ ബില്ലിനെ പിന്തുണച്ച് സംസാരിച്ച് ജെബി മേത്തര്‍ എംപി. മലയാളത്തിലാണ് ജെബി മേത്തര്‍ സംസാരിച്ചത്. ചര്‍ച്ച, രാഷ്ട്രീയ പരാമര്‍ശങ്ങള്‍ക്കും വേദിയായി. ആഭ്യന്തരമന്ത്രി എവിടെ എന്നും ആരാണ് വെടിവെക്കാന്‍ ഉത്തരവിട്ടത് എന്നും ചര്‍ച്ചയ്ക്കിടെ ജെബി മേത്തര്‍ ചോദിച്ചു. കേരളം ആകുന്ന ഈ ചരിത്ര മുഹൂര്‍ത്തത്തെ, ഈ ബില്ലിനെ ഞാന്‍ പിന്താങ്ങുകയാണ്. ഭാരതമെന്ന പേര് കേട്ടാല്‍ ഭാരതമെന്ന പേര് കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളില്‍ – വള്ളത്തോളിന്റെ വരികളാണ്.
ഞരമ്പുകളില്‍ ചോര തിളയ്ക്കും സര്‍. അതിക്രമങ്ങള്‍ കണ്ടാല്‍ ചോര തിളയ്ക്കും സര്‍. വിദ്യാര്‍ഥികളെ തല്ലി ചതച്ചാല്‍ ഞങ്ങളുടെ ചോര തിളയ്ക്കും സര്‍. ഭാവി തലമുറയുടെ ചോദ്യം ചെയ്യാനുള്ള അവകാശത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ ചോര തിളയ്ക്കും സര്‍. കേരളത്തെ പ്രതിനിധീകരിച്ച്, കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിച്ച് ചോദിക്കുകയാണ്, കേന്ദ്ര ആഭ്യന്തരമന്ത്ര എവിടെയാണ് സര്‍ – രാഷ്ട്രീയ പരാമര്‍ശനങ്ങള്‍ ഉണ്ടായതോടെ പ്രതിഷേധങ്ങള്‍ ഉയരുകയും സ്പീക്കര്‍ ഇടപെടുകയും ചെയ്തു.
താന്‍ വള്ളത്തോളിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും വള്ളത്തോളാണോ, അദ്ദേഹത്തിന്റെ കവിതയാണോ, കേരള വസ്ത്രമാണോ, തന്റെ മലയാളം ആണോ പ്രശ്‌നമെന്ന് ഇതോടെ ജെബി മെത്തര്‍ ചോദിച്ചു. പ്രതിഷേധം തുടര്‍ന്നെങ്കിലും എവിടെയാണ് ആഭ്യന്തരമന്ത്രി എന്ന ചോദ്യം ജെബി മേത്തര്‍ ആവര്‍ത്തിച്ചു.
