പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഹൈ വോൾട്ടേജ് ത്രില്ലർ ചിത്രമായ ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയാക്കി. ജയസൂര്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യന്‍ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രം ഗുഡ്‍വില്‍ എൻ്റർടെയ്ന്‍മെൻ്റിൻ്റെ ബാനറിൽ ജോബി ജോർജാണ് നിർമ്മിക്കുന്നത്. ഒരു സംഗീത സംവിധായകൻ സിനിമയുടെ മറ്റു മേഖലയിലേക്കെത്തുക ചലച്ചിത്ര രംഗത്തു തന്നെ അപൂർവ്വ സംഭവമായിരിക്കും. ഇവിടെ അതിൻ്റെ ആദ്യ ക്രെഡിറ്റ് രതീഷ് വേഗയ്ക്ക് തന്നെ അവകാശപ്പെട്ടതാണ്.
തൃശൂർ പൂരം എന്ന ചിത്രത്തിനു തിരക്കഥ രചിച്ചു കൊണ്ടാണ് രതീഷ് തൻ്റെ സംവിധാന രംഗത്തേക്കുള്ള കടന്നുവരവിന് അടിത്തറ പാകിയത്. സംവിധായകനിരയിലേക്കുള്ള തൻ്റെ അരങ്ങേറ്റത്തിന് ജനശ്രദ്ധയാകർഷിച്ച ഒരു പ്രമേയം തന്നെയാണ് രതീഷ് കണ്ടെത്തിയത്. കശ്മീരിലെ ത്രാളിൽ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളുമായുള്ള ഏറ്റുമുട്ടൽ. വിശാലമായ ക്യാൻവാസിൽ വൻ മുതൽമുടക്കിൽ നിർമ്മിക്കുന്ന ചിത്രമാണ് ഓപ്പറേഷൻ ത്രാൾ. ലോക മനസാക്ഷിയെ ഞെട്ടിച്ച കശ്മീരിലെ കോൺവോയ് ആക്രമണവും തുടർന്നുള്ള രഹസ്യ അന്വേഷണങ്ങളിലൂടെയുമാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി. നാഷണൽ ഇൻ്റലിജൻസ് ഏജൻസി (എന്‍ഐഎ) ഉദ്യോഗസ്ഥൻ ഹർഷവർദ്ധൻ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയസൂര്യയാണ്. ഓപ്പറേഷൻ ത്രാൻ എൻ്റെ അഭിനയജീവിതത്തിലെ ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു ചിത്രമാണ്. ദേശീയ സുരക്ഷയെ ആധാരമാക്കിയ ഈ ചിത്രത്തിൽ ഹൈ ഒക്ടേൻ ആക്ഷൻ രംഗങ്ങൾ അടങ്ങിയിട്ടുണ്ട്.
ചിത്രത്തിൻ്റെ ക്യാൻവാസ് വളരെ വലുതാണ്. അത് പ്രേക്ഷകർ അനുഭവിച്ചറിയുമെന്നും ഇതിലെ ശക്തമായ സന്ദേശം രാജ്യത്തെ മുഴുവൻ പ്രേക്ഷകരിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കുന്നതായയും ജയസൂര്യ പറഞ്ഞു.ജയസൂര്യയ്ക്ക് പുറമെ സായ് കുമാർ, സിദ്ദിഖ്, ആൻസൺ പോൾ, നന്ദു തുടങ്ങിയവരും ബോളിവുഡ് താരങ്ങളായ റിഥിക സിങ്, വിനയ റായ്, അമൈര ദസ്തർ എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം മലയാളത്തിലെയും ഇതര ഭാഷകളിലെയും നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്. ഛായാഗ്രഹണം നജോസ്, എഡിറ്റിംഗ് ഷഫീഖ് വി ബി, പ്രൊഡക്‌ഷൻ ഡിസൈനർ സജീഷ് താമരശ്ശേരി, കലാസംവിധാനം സുനീഷ് സോദരൻ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്‌റ്റ്യൂം ഡിസൈൻ സമീറ സനീഷ്, സരിത ജയസൂര്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉല്ലാസ് കൃഷ്‌ണ, കോ പ്രൊഡ്യൂസർ സുനിമോൾ ജോബി, നോബിൾ ജേക്കബ്ബാണ് പ്രൊജക്റ്റ് ഡിസൈൻ.
സൗണ്ട് മിക്‌സിംഗ് എം ആർ രാജാകൃഷ്ണൻ, സ്റ്റിൽസ് ഫോട്ടോഗ്രാഫി ജാൻ ജോസഫ് ജോർജ്, സൗണ്ട് ഡിസൈൻ വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ് ടെൻപോയിന്റ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ ഇക്ബാൽ പാനായിക്കുളം, പബ്ളിക്ക് റിലേഷൻ വാഴൂർ ജോസ്, ആതിര ദിൽജിത്ത്. മാർക്കറ്റിംഗ് സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രൻ എന്നിവരാണ് നിർവ്വഹിക്കുന്നത്. പാലക്കാട്, കൊടൈക്കനാൽ, ജമ്മു കശ്മീര്‍, കുളു- മണാലി, എന്നിവിടങ്ങളിലായി നൂറ് ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണത്തോടെയാണ് സിനിമ പാക്കപ്പ് ആയത്.



