തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ മറവിൽ വൻ അഴിമതിക്ക് സർക്കാർ നീക്കം നടത്തുകയാണെന്ന് ആരോപിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ കമ്പനിയിൽ നിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള നീക്കത്തിലൂടെ സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
ഹിമാചൽ പ്രദേശിലെ പൊതുമേഖലാ സ്ഥാപനം വൈദ്യുതി നൽകാമെന്ന് അറിയിച്ചിട്ടും കൃത്യസമയത്ത് മറുപടി നൽകാതെ സ്വകാര്യ കമ്പനികളിൽ നിന്നുള്ള വൈദ്യുതി വാങ്ങലിന് വഴിയൊരുക്കിയെന്നാണ് പിണറായിയുടെ ആരോപണം. കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥരുടെ മാറ്റവും ഇതുമായി ബന്ധപ്പെട്ട നീക്കങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം കുറിച്ചു.
റെഗുലേറ്ററി കമ്മീഷന്റെ അനുമതിയില്ലാതെ സ്വകാര്യ കമ്പനിയിൽ നിന്ന് യൂണിറ്റിന് 8.63 രൂപ നിരക്കിൽ 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് നീക്കമെന്നും ഇത് സംസ്ഥാനത്തിന് 727 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും പോസ്റ്റിൽ പറയുന്നു. ആവശ്യമില്ലാത്ത പകൽസമയത്ത് വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തെയും അദ്ദേഹം ചോദ്യം ചെയ്തു.
കെ.എസ്.ഇ.ബി അധികൃതരും വൈദ്യുതി വകുപ്പ് മന്ത്രിയും വിയോജിപ്പ് അറിയിച്ചിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കരാറുമായി മുന്നോട്ടുപോകാൻ ഉദ്യോഗസ്ഥർക്കുമേൽ സമ്മർദം ചെലുത്തിയെന്നാണ് പിണറായി ആരോപിക്കുന്നത്. കരാറിനെ എതിർത്ത ഉദ്യോഗസ്ഥരെ സ്ഥാനങ്ങളിൽ നിന്ന് മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങുമെന്ന മുൻ ഉറപ്പ് പാലിക്കാതെയാണ് ഇപ്പോൾ സ്വകാര്യ കമ്പനികളുമായി കരാറിന് നീക്കം നടത്തുന്നതെന്നും പിണറായി പറഞ്ഞു. വിവാദവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും കെ.എസ്.ഇ.ബിയുടെ വിയോജനക്കുറിപ്പുകളും സർക്കാർ അടിയന്തരമായി പുറത്തുവിടണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.



