ലണ്ടൻ: ബാലൺ ഡി ഓർ പുരസ്കാര പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഔദ്യോഗിക വെബ്സൈറ്റിൽ മൂന്ന് താരങ്ങളെ വിജയികളായി വിശേഷിപ്പിക്കുന്ന ലേഖനങ്ങൾ പ്രത്യക്ഷപ്പെട്ടത് വിവാദമായി. ഹാരി കെയ്ൻ, കിലിയൻ എംബാപ്പെ, ലമീൻ യമാൽ എന്നിവരെ ബാലൺ ഡി ഓർ ജേതാക്കളായി പ്രഖ്യാപിക്കുന്ന രീതിയിലുള്ള ലേഖനങ്ങളാണ് അബദ്ധത്തിൽ പ്രസിദ്ധീകരിച്ചത്. പുരസ്കാരച്ചടങ്ങ് ആരംഭിക്കുന്നതിന് രണ്ടര മണിക്കൂർ മുമ്പായിരുന്നു സംഭവം.
ലണ്ടനിലെ ദി ലണ്ടൻ പലാഡിയത്തിൽ പുരസ്കാര നിശ ആരംഭിക്കുന്നതിന് മുമ്പുണ്ടായ ഈ പിഴവ് സംഘാടകർക്ക് നാണക്കേടായി. വിവരങ്ങൾ പുറത്തുവന്നതോടെ ലേഖനങ്ങൾ വെബ്സൈറ്റിൽനിന്ന് നീക്കം ചെയ്തെങ്കിലും സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
മൂന്ന് ലേഖനങ്ങളിലും വ്യത്യസ്ത താരങ്ങളെയാണ് ജേതാക്കളായി വിശേഷിപ്പിച്ചിരുന്നത്. ഹാരി കെയ്ൻ നേടിയ ഗോളുകളെക്കുറിച്ചായിരുന്നു ഒരു ലേഖനം. ബാഴ്സലോണയുടെ കൗമാരതാരം ലമീൻ യമാൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബാലൺ ഡി ഓർ ജേതാവായെന്നായിരുന്നു രണ്ടാമത്തെ ലേഖനത്തിലെ പരാമർശം. റയൽ മാഡ്രിഡിനായി നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കിലിയൻ എംബാപ്പെ ആദ്യമായി പുരസ്കാരം നേടിയെന്നായിരുന്നു മൂന്നാമത്തെ ലേഖനത്തിൽ പറഞ്ഞിരുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പുണ്ടായ ഈ പിഴവാണ് ഫുട്ബോൾ ലോകത്ത് ചർച്ചയായത്.



