പാലക്കാട്: വർഷങ്ങളായി കെട്ടിട നമ്പർ ലഭിക്കാതെ കിടക്കുന്ന പാലക്കാട് കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ പ്രശ്നം പരിഹരിക്കാൻ ഇടപെടലുമായി ഗതാഗത മന്ത്രി സി.പി. ജോൺ. രണ്ട് മാസത്തിനകം കെട്ടിട നമ്പർ ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ നീക്കി നടപടികൾ പൂർത്തിയാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
രമേഷ് പിഷാരടി എം.എൽ.എയുടെ ആവശ്യത്തെത്തുടർന്ന് മന്ത്രിയുടെ നിയമസഭാ ഓഫീസിൽ ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. എം.എൽ.എ ആസ്തി വികസന ഫണ്ട് പൂർണമായും വിനിയോഗിച്ച് നിർമിച്ച ടെർമിനൽ വർഷങ്ങൾക്കുമുമ്പ് പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തെങ്കിലും പാലക്കാട് നഗരസഭ ഇതുവരെ കെട്ടിട നമ്പർ അനുവദിച്ചിട്ടില്ല.
ബസ് സ്റ്റാൻഡിൽ പാർക്കിങ്ങിനായി നീക്കിവെച്ച സ്ഥലത്ത് അനധികൃതമായി കടകൾ പ്രവർത്തിക്കുന്നതാണ് കെട്ടിട നമ്പർ ലഭിക്കുന്നതിന് പ്രധാന തടസ്സമെന്ന് രമേഷ് പിഷാരടി യോഗത്തിൽ ചൂണ്ടിക്കാട്ടി. ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ തുടർച്ചയായ യോഗങ്ങളിലൂടെയും ചർച്ചകളിലൂടെയും കടകൾ മാറ്റിസ്ഥാപിക്കാൻ വ്യാപാരികൾ സമ്മതം അറിയിച്ചിട്ടുണ്ടെന്നും എം.എൽ.എ മന്ത്രിയെ അറിയിച്ചു.
പുതിയ കെട്ടിടത്തിൽനിന്ന് മലിനജല സംസ്കരണ പ്ലാന്റിലേക്ക് (എസ്.ടി.പി) കണക്ഷൻ നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഇതിനുപുറമെ, വിജയകരമായി പ്രവർത്തിക്കുന്ന പാലക്കാട്–ബംഗളൂരു എ.സി സർവീസിന് ഒരു അധിക ബസ് അനുവദിക്കണമെന്നും ക്രിസ്മസ്–പുതുവത്സര അവധിക്കാലത്ത് പാലക്കാട് നഗരത്തിൽ വിനോദയാത്രയ്ക്കായി ഡബിൾ ഡക്കർ ബസ് സർവീസ് ആരംഭിക്കണമെന്നും രമേഷ് പിഷാരടി യോഗത്തിൽ ആവശ്യപ്പെട്ടു.
കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോദ് ശങ്കർ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും പാലക്കാട് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറും യോഗത്തിൽ പങ്കെടുത്തു.



