തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെ പരിഹസിച്ച് കോൺഗ്രസ് നേതാക്കൾ. പ്രവാസികൾക്ക് ഇന്ന് ഈദ് മുബാറക്, പിണറായി വിജയന് ഇഡി മുബാറക് എന്ന് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് പരിഹസിച്ചു. അതേസമയം , ദീപ്തി മേരി വർഗീസിന്റെ സാമൂഹ്യ മാധ്യമങ്ങളിലെ പരിഹാസത്തെ പിന്തുണച്ചും രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടും നിരവധി പേരാണ് രംഗത്തെത്തിയത് .
പിണറായി വിജയന്‍റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം പത്തിടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. ഒപ്പം, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.
