ബംഗളുരു: കർണാടകയിൽ നേതൃത്വ മാറ്റത്തിന് കോൺഗ്രസ്. മുഖ്യമന്ത്രി പദവിയിൽ നിന്ന് സിദ്ധരാമയ്യ ഈ ആഴ്ച തന്നെ രാജിവെച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി അധികാരത്തിലെത്തുമെന്നാണ് സൂചന. സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി രാജ്യസഭയിലേക്ക് അയക്കാനാണ് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നതെന്നും, സിദ്ധരാമയ്യക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
ഡൽഹിയിൽവെച്ച് ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കൾ സിദ്ധരാമയ്യയുമായും ഡികെ ശിവകുമാറുമായും പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. നേതൃമാറ്റത്തെക്കുറിച്ചുള്ള വാർത്തകൾ ഊഹാപോഹങ്ങൾ മാത്രമാണെന്ന് കെ.സി. വേണുഗോപാൽ അടക്കമുള്ള നേതാക്കൾ പ്രതികരിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് നേതാക്കൾ ഒത്തുചേർന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. സിദ്ധരാമയ്യ വെള്ളിയാഴ്ചയോടെ തന്റെ തീരുമാനം അറിയിക്കുമെന്നും തുടർന്ന് നിയമസഭാ കക്ഷി യോഗം വിളിച്ചു ചേർക്കുമെന്നുമാണ് അനൗദ്യോഗിക വിവരം.
