കോട്ടയം: കോട്ടയത്ത് വീണ്ടും ഫ്ലക്സ് യുദ്ധം. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇ ഡി കേസുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉണ്ടായിരിക്കുന്ന അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് കോട്ടയത്ത് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ഫ്ലക്സിൽ ‘നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല’ എന്നും ‘ഒന്നും മറന്നിട്ടില്ല വിജയാ’ എന്നും എഴുതിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഡിസിസി ഓഫീസിന് സമീപത്തും ഗാന്ധി സ്ക്വയറിലും പ്രസ് ക്ലബ്ബിനു മുന്നിലും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന ഇഡി കത്തുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാർ സ്വീകരിച്ച നിലപാടിൽ കോൺഗ്രസിൽ തർക്കം രൂക്ഷമാണ്. മാത്യു കുഴൽനാടൻ എംഎൽഎ പരസ്യവിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസിലെ യുവനേതാക്കൾ സർക്കാർ നിലപാടിനെതിരെ രംഗത്ത് വന്നിരുന്നു. സമാനനിലപാടുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരനും രംഗത്ത് വന്നിരുന്നു.
സരിതയുടെ കയ്യിൽ നിന്ന് ഒരു തുണ്ട് കടലാസ് വാങ്ങി ബലാത്സംഗ കേസ് എടുത്ത് ഉമ്മൻ ചാണ്ടിയെ സിബിഐക്ക് മുന്നിൽ എറിഞ്ഞ് കൊടുത്ത ആളാണ് പിണറായി വിജയൻ എന്നായിരുന്നു മാത്യു കുഴൽനാടൻ്റെ വിമർശനം. ഒരിളവും പിണറായിക്ക് നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതേസമയം സർക്കാരിനെ വിമർശിക്കുന്നതിൽ കെപിസിസിയുടെ മീഡിയ പാനലിസ്റ്റുകൾക്ക് ഇപ്പോൾ വിലക്കുണ്ട്. ഉമ്മൻചാണ്ടി ഭരിച്ചപ്പോൾ അന്ന് മാധ്യമങ്ങളിൽ പാർട്ടി മുഖമായി വന്നവർ ഇത്തരം നിയന്ത്രണങ്ങൾ പാലിച്ചിരുന്നോ എന്ന ചോദ്യവും നിലവിലുണ്ട്.



