മലയാള സിനിമയുടെ മുഖശ്രീയായി മാറിയ പ്രിയനടി ശ്രീവിദ്യ ഓർമ്മയായിട്ട് ഇന്ന് 20 വർഷം. തിളങ്ങുന്ന കണ്ണുകളും നിഷ്കളങ്കമായ പുഞ്ചിരിയും സ്വാഭാവിക അഭിനയശൈലിയും കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ അതുല്യപ്രതിഭയായിരുന്നു ശ്രീവിദ്യ. തമിഴ് മണ്ണിൽ ജനിച്ചെങ്കിലും മലയാളികൾ തങ്ങളിലൊരാളായി ഹൃദയത്തോട് ചേർത്തുവെച്ച ആ മഹാകലാകാരി വിടപറഞ്ഞെങ്കിലും ആ ഓർമ്മകൾക്ക് ഇന്നും തിളക്കമേറെയാണ്. 1953 ജൂലൈ 24ന് മദ്രാസിൽ ജനിച്ച ശ്രീവിദ്യ പതിമൂന്നാം വയസിലാണ് സിനിമയിലെത്തിയത്.
‘തിരുവരുൾ ശെൽവർ’ എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറിയ ശ്രീവിദ്യ, 1969-ൽ ‘ചട്ടമ്പിക്കവല’ എന്ന ചിത്രത്തിലൂടെ സത്യന്റെ നായികയായി മലയാള സിനിമയിലേക്ക് ചുവടുവെച്ചു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രീവിദ്യയുടെ അഭിനയ ജീവിതത്തിന്റെ ഭൂരിഭാഗവും മലയാള സിനിമയിലായിരുന്നു. നാല് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തിൽ എണ്ണൂറോളം ചിത്രങ്ങളിൽ വേഷമിട്ടു. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് മൂന്ന് തവണയും മികച്ച സഹനടിക്കുള്ള അവാർഡ് രണ്ടു തവണയും സ്വന്തമാക്കി.
മികച്ചൊരു നർത്തകിയായിരുന്ന ശ്രീവിദ്യ അയലത്തെ സുന്ദരി, ഒരു പൈങ്കിളിക്കഥ തുടങ്ങിയ ചിത്രങ്ങളിൽ പിന്നണി പാടുകയും ചെയ്തിട്ടുണ്ട്. ജീവിതത്തിന്റെ അവസാന ഘട്ടങ്ങളിൽ മിനിസ്ക്രീൻ സീരിയലുകളിലും തിളങ്ങിയ അവർക്ക് മികച്ച ടെലിവിഷൻ നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചു. സിനിമയിൽ തിളങ്ങിയപ്പോഴും വ്യക്തിജീവിതത്തിൽ നിരവധി തിരിച്ചടികൾ നേരിട്ടു. പ്രണയത്തകർച്ചയും ദാമ്പത്യപ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധികളും ശ്രീവിദ്യയുടെ ജീവിതത്തെ വേദനിപ്പിച്ചു. ഒടുവിൽ അർബുദത്തോട് മൂന്ന് വർഷത്തോളം പോരാടിയ ശ്രീവിദ്യ 2006 ഒക്ടോബർ 19ന്, 53-ാം വയസിൽ വിടപറഞ്ഞു. തന്റെ സമ്പാദ്യം നിർധനരായ കലാവിദ്യാർഥികളുടെ ക്ഷേമത്തിനായി വിനിയോഗിക്കണമെന്ന ആഗ്രഹവും അവർ ബാക്കിയാക്കി.



