വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കാനഡയും യൂറോപ്യൻ രാജ്യങ്ങളും രംഗത്ത്. നിലവിൽ പ്രഖ്യാപിച്ച വെടിനിർത്തലിനെ സ്വാഗതം ചെയ്ത ലോകനേതാക്കൾ, വരും ദിവസങ്ങളിൽ ചർച്ചകളിലൂടെ ശാശ്വതമായ സമാധാനം കണ്ടെത്തണമെന്നും നയതന്ത്ര ചർച്ചകളാണ് ഇതിന് ഏക പോംവഴിയെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
മേഖലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ലോകത്തെ ബാധിച്ചിരിക്കുന്ന ഊർജ്ജ പ്രതിസന്ധി പരിഹരിക്കാനും ഈ ചർച്ചകൾ അനിവാര്യമാണ്. ലബനൻ ഉൾപ്പെടെയുള്ള ഇടങ്ങളിൽ യുദ്ധം നിർത്താൻ നേതാക്കൾ ആഹ്വാനം ചെയ്തെങ്കിലും, ലബനനെ ഈ വെടിനിർത്തലിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, ബ്രിട്ടിഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരടക്കം പത്തോളം പ്രമുഖ നേതാക്കളാണ് ഈ പ്രസ്താവനയ്ക്ക് പിന്നിൽ. ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന രണ്ടാഴ്ചത്തെ വെടിനിർത്തലിനെത്തുടർന്ന്, ഇരുവിഭാഗങ്ങളും തമ്മിലുള്ള കൂടുതൽ ചർച്ചകൾ വെള്ളിയാഴ്ച പാക്കിസ്ഥാനിൽ വെച്ച് നടക്കും.
