കൽപ്പറ്റ: സംസ്ഥാനത്ത് എൽഡിഎഫ് ഭരണത്തുടർച്ചയുണ്ടാകുമെന്നും മൂന്നാം തവണയും മുന്നണി അധികാരത്തിൽ വരുമെന്നും ആർജെഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രവർത്തന മികവ് വിലയിരുത്തി ജനങ്ങൾ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ. യുഡിഎഫിന് നൂറ് സീറ്റ് ലഭിക്കുമെന്ന വി.ഡി. സതീശന്റെ അവകാശവാദങ്ങളിൽ തെറ്റില്ലെന്നും എന്നാൽ ഫലം വരുമ്പോൾ അത് നേരെ തിരിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർജെഡി മത്സരിക്കുന്ന എല്ലാ സീറ്റുകളിലും മികച്ച വിജയപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കൽപ്പറ്റ മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി വികസന മുരടിപ്പാണ് അനുഭവപ്പെടുന്നത്. മറ്റുള്ള മണ്ഡലങ്ങളെപ്പോലെ കൽപ്പറ്റയും മുന്നേറേണ്ടതുണ്ട്. ടൗൺഷിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വീട് നിർമിച്ച് നൽകുമെന്ന് പറഞ്ഞ് നൽകാത്തതും വോട്ടർമാർ ശരിയായി വിലയിരുത്തുമെന്നാണ് പ്രതീക്ഷ. ഇത്തരം വികസന മുരടിപ്പും ജനങ്ങളുടെ പ്രശ്നങ്ങളും വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
