തിരുവനന്തപുരം: കേരളത്തിലെ മയിൽപ്പീലി സ്കോളർഷിപ്പ് വിവാദത്തിൽ വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടിയിലേക്ക് നീങ്ങില്ലെന്നാണ് സൂചന. ബാലഗോകുലത്തിന്റെ മയിൽപ്പീലി മാസികയുമായി സഹകരിച്ച് ദേശീയ അധ്യാപക പരിഷത്താണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായി യങ് സ്കോളർ പരീക്ഷ സംഘടിപ്പിച്ചത്.
എന്നാൽ, വിദ്യാഭ്യാസ മന്ത്രിയുടെ അറിവില്ലാതെയാണ് പരീക്ഷയ്ക്ക് അനുമതി നൽകിയതെന്ന വിവരം പുറത്തുവന്നതോടെ വലിയ രാഷ്ട്രീയ വിവാദമായി. പ്രതിപക്ഷം സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഇതിന് പിന്നാലെ കഴിഞ്ഞ ഒക്ടോബർ മുതൽ നടത്തിയ പരീക്ഷകളും സ്കോളർഷിപ്പ് പദ്ധതിയും വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്ന് മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചേക്കും. പരീക്ഷ റദ്ദാക്കിയതോടെ വിവാദം അവസാനിച്ചെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ, ഇത്രയും വലിയ വിവാദത്തിൽ തുടർനടപടികൾ ഉണ്ടാകുമോ എന്നതാണ് ഇനി അറിയേണ്ടത്.
അതേസമയം, വിവിധ രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ള അധ്യാപക സംഘടനകൾ മുൻപും സ്കോളർഷിപ്പുകളും ക്വിസ് മത്സരങ്ങളും നടത്തിയിട്ടുണ്ടെന്നും അതിന് അനുമതി നൽകിയിട്ടുണ്ടെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ഈ വാദം ഉയർത്തിയാണ് വിവാദം കൂടുതൽ നടപടികളിലേക്ക് നീങ്ങാതെ അവസാനിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്. എന്നാൽ, വിഷയത്തിൽ പ്രതിപക്ഷത്തിന്റെ വിമർശനം തുടരുകയാണ്.



