ഇടുക്കി: തെരഞ്ഞെടുപ്പിൽ എൽഡിഎഫ്, ആർഎസ്എസിന്റെയും ബിജെപിയുടെയും പിന്തുണയോടെയാണ് പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കട്ടപ്പനയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാവരുടെയും പേര് ആവർത്തിക്കേണ്ട. കേരളത്തിൽ എൽഡിഎഫ് ഇടതുപക്ഷം അല്ലാതായി. ബിജെപിയെ പോലെ കോർപറേറ്റ് പാർട്ടിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി എല്ലാ ദിവസവും ക്ഷേത്രങ്ങളെക്കുറിച്ച് പറയും. എങ്ങനെയാണ് അമ്പലങ്ങളെ അപമാനിച്ചതെന്നും പറയും. എന്നാൽ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട അയ്യപ്പ ക്ഷേത്രത്തിലെ സ്വർണ കവർച്ചയെക്കുറിച്ച് പറയുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കേരളത്തിൽവന്ന പ്രധാനമന്ത്രി ഒന്നും മിണ്ടിയില്ല. സിപിഎം നേതാക്കൾ പോലും പറയുന്നു എൽഡിഎഫ് ഇടതുപക്ഷം അല്ലാതായി മാറിയെന്ന്. ആയിരക്കണക്കിന് ആളുകൾക്കാണ് പട്ടയം നൽകാനുള്ളത്. അവർക്ക് നിർമാണം നടത്താൻ കഴിയുന്നില്ല.
കേരളത്തിന്റെ ആരോഗ്യ മേഖല തകർന്നു. ഇടുക്കിയിൽ ഇന്നേവരെ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി പോലുമില്ല. അതിനാൽ കോട്ടയം, എറണാകുളം ജില്ലകളെ ആശ്രയിക്കേണ്ടി വരുന്നു. മൂന്നിൽ ഒന്ന് യുവജനങ്ങൾക്ക് ജോലിയില്ല. ജോലി കിട്ടണമെങ്കിൽ സിപിഎമ്മിന്റെ ഒപ്പം നിൽക്കണം. ഇപ്പോൾ യുവാക്കൾ തൊഴിൽ തേടി വിദേശത്തേക്ക് പോകുന്നു. ഇത് സർക്കാരിന്റെ പരാജയമാണെന്നും രാഹുൽ ഗാന്ധി പ്രസംഗത്തിൽ എടുത്തു പറഞ്ഞു.
