പ്ലീഡർ നിയമന വിവാ​ദത്തിൽ വിശദീകരണവുമായി ഡീൻ കുര്യാക്കോസ് എംപി

ഇടുക്കി: പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാ​ദത്തിൽ വിശദീകരണവുമായി ഡീൻ കുര്യാക്കോസ് എംപി. ജിയോണ ജയിംസിനെ ശുപാർശ ചെയ്തിരുന്നുവെന്നും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനമെന്നുമാണ് എംപി പറഞ്ഞത്. ജിയോണയെ പരിചയം ഉണ്ട്. എംപി എന്ന നിലയിലാണ് ശുപാർശ ചെയ്തത്. നൂറ് ശതമാനം ബോധ്യമുള്ളത് കൊണ്ടാണ് ശുപാർശ ചെയ്തത്. യോഗ്യതയാണ് മാനദണ്ഡമെന്നും അഭിഭാഷക എന്ന നിലയിലാണ് ശുപാർശയെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. ലോയേഴ്സ് കോൺഗ്രസ്‌ പ്രവർത്തകയാണ് ജിയോണ. കോൺഗ്രസിൽ എപ്പോൾ എത്തി എന്നത് നോക്കേണ്ട കാര്യമില്ല. സന്ദീപ് വാര്യർ പാർട്ടിയിൽ വന്നപ്പോൾ ആരെങ്കിലും എതിർത്തിരുന്നോയെന്നും എംപി ചോദിച്ചു.

യുഡിഎഫിന് ഒപ്പം നിന്നാൽ ആരായാലും അംഗീകരിക്കുമെന്നും അലോഷ്യസിനെ കുറിച്ച് പറയാൻ താനില്ലെന്നും എംപി വ്യക്തമാക്കി. ആഗ്രഹിക്കുന്ന എല്ലാവർക്കും സ്ഥാനത്തേക്ക് എത്താൻ കഴിയണമെന്നില്ല. കെ ബാബു പറഞ്ഞതിൽ വിവാദം ആക്കേണ്ടതില്ല. ഒളിച്ചു വയ്ക്കേണ്ട കാര്യമല്ല ഇത്‌. കെ ബാബു വുമായി സംസാരിച്ചുവെന്നും ലോയേഴ്സ് കോൺഗ്രസ്‌ പിന്തുണച്ച ആളെയാണ് ശുപാർശ ചെയ്തതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

വിവാദമായ ഗവണമെൻ്റ് പ്ലീഡര്‍ നിയമനത്തിൽ മുഖ്യമന്ത്രി വിഡി സതീശനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കെ ബാബു രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെ കുറ്റപ്പെടുത്താനാകില്ലെന്നും ഒരു യുവ എംപിയുടെ ശുപാര്‍ശയിലാണെന്ന് വിവാദമായ ഒരു നിയമനമെന്നും അദ്ദേഹം പറഞ്ഞു. എല്ലായിപ്പോഴും രാഷ്ട്രീയം മാത്രം പരിഗണിക്കാൻ കഴിയില്ലെന്നും യോഗ്യതയും പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *