തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് വെറും പത്താം നാൾ നവവധുവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് സ്വദേശിനിയായ 30കാരി ജിഷയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് വീട്ടിനുള്ളിൽ ജിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം 20ന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ജിഷയുടെ രണ്ടാം വിവാഹം. അജി നടേശനായിരുന്നു വരൻ. സംഭവത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
ജിഷയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് വിശദമായി പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ മരണത്തിൽ ദുരൂഹത സംശയിക്കുന്നില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടക്കുന്നത്. വർക്കല സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വിവാഹത്തിന് വീട്ടുകാരുടെ പിന്തുണ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.



