തിരുവനന്തപുരം: വർക്കലയിൽ വറ്റ മത്സ്യം കഴിച്ചതിനെ തുടർന്ന് 32 പേർക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായതായി പരാതി. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ളവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തെ തുടർന്ന് വെട്ടൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വറ്റ മത്സ്യത്തിന്റെ വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി.
ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് അധികൃതർ നൽകിയ നിർദേശത്തെ തുടർന്നാണ് നടപടി. കടൽജീവികളിൽ നിന്നുള്ള വിഷബാധയാണോ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമെന്ന സംശയവും സംഭവത്തോടെ ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി തീരദേശ മേഖലയിൽ വറ്റ മത്സ്യത്തിന്റെ ചാകരയുണ്ടായിരുന്നു. വിപണിയിൽ നിന്ന് മത്സ്യം വാങ്ങി പാകം ചെയ്ത് കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്ന് വർക്കല നഗരസഭ ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ പറഞ്ഞു. മത്സ്യം വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പുള്ള മത്സ്യങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നും നഗരസഭ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വർക്കല പൊലീസിന്റെ സഹായത്തോടെ ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്ത് അധികൃതരും ചേർന്ന് പുത്തൻചന്ത, മരക്കടമുക്ക്, അയന്തി തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി. 20 മുതൽ 25 കിലോ വരെ തൂക്കമുള്ള വലിയ വറ്റ മത്സ്യങ്ങളുടെ വിൽപ്പനയാണ് തടഞ്ഞത്. തുടക്കത്തിൽ വ്യാപാരികൾ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഉദ്യോഗസ്ഥർ നിർദേശങ്ങൾ വിശദീകരിച്ചതോടെ വിൽപ്പന നിർത്തിവെക്കുകയായിരുന്നു. മത്സ്യം കഴിച്ചവർക്ക് ഉണ്ടായ ആരോഗ്യപ്രശ്നങ്ങളുടെ യഥാർഥ കാരണം വിശദമായ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.



