ചണ്ഡീഗഢ്: ഹരിയാനയിലെ പഞ്ച്കുളയിൽ സർക്കാർ സ്കൂളിനുള്ളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയുടെ ആക്രമണത്തിൽ ആറുവയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കല്ലും പൂച്ചട്ടിയും ഉപയോഗിച്ചാണ് പെൺകുട്ടിയെ ആക്രമിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
പെൺകുട്ടിയുടെ പിതാവ് വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് മൂന്നാം ക്ലാസ് വിദ്യാർഥി കുട്ടിയെ സ്കൂളിന്റെ ഒന്നാം നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നാണ് കുടുംബം പറയുന്നത്. അവിടെവെച്ച് കല്ലും പൂച്ചട്ടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ കുറച്ചുദൂരം വലിച്ചിഴച്ചതായും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സ്കൂൾ കെട്ടിടത്തിനുള്ളിൽ ബോധരഹിതയായി കിടന്നതായും കുടുംബം ആരോപിച്ചു.
പ്രിൻസിപ്പലിന്റെ ഓഫീസിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കുന്ന സംവിധാനമുണ്ടായിട്ടും സംഭവം എങ്ങനെ ശ്രദ്ധയിൽപ്പെട്ടില്ലെന്ന ചോദ്യവും കുടുംബം ഉയർത്തി. സംഭവത്തിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ക്ലാസ് മുറിയെന്ന് തോന്നിക്കുന്ന സ്ഥലത്ത് പെൺകുട്ടിയെ ആൺകുട്ടി ചവിട്ടുന്നതും പിന്നീട് കുട്ടി നിലത്ത് കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
കുടുംബാംഗങ്ങൾ പെൺകുട്ടിയെ തിരഞ്ഞുനടക്കുന്നതിനിടെ ആക്രമണം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന അതേ വിദ്യാർഥിയാണ് കുട്ടി പരിക്കേറ്റ് കിടക്കുന്ന സ്ഥലം കാണിച്ചുകൊടുത്തതെന്ന് പെൺകുട്ടിയുടെ അമ്മാവൻ പറഞ്ഞു. സ്കൂളുകളിലെ സുരക്ഷാ സംവിധാനങ്ങളെയും ജീവനക്കാരുടെ ഉത്തരവാദിത്തത്തെയും ചോദ്യം ചെയ്ത അദ്ദേഹം, ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാൻ രക്ഷിതാക്കൾ മടിക്കുമെന്നും പ്രതികരിച്ചു.
സംഭവത്തിന് പിന്നാലെ പെൺകുട്ടിയെ സെക്ടർ ആറിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയശേഷം പരിക്കുകളുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലേക്ക് (പിജിഐഎംഇആർ) മാറ്റി. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
അതിനിടെ, ഈ മാസം ആദ്യം ഡൽഹിയിലെ മോഹൻ ഗാർഡൻ മേഖലയിൽ സർക്കാർ സ്കൂളിന് സമീപം 12-ാം ക്ലാസ് വിദ്യാർഥി കുത്തേറ്റ് മരിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. സ്കൂൾ യൂണിഫോമിന്റെ ഭാഗമായ ഷൂ ധരിക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം.
ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിന് സമീപം നടന്ന സംഭവത്തിൽ മൂന്ന് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിക്കേറ്റ വിദ്യാർഥിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. മോഹൻ ഗാർഡൻ സ്വദേശിയായ വിദ്യാർഥിയുടെ പിതാവ് മുൻ സൈനികനാണ്. ഗുരുഗ്രാമിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.
നിശ്ചിത സ്കൂൾ ഷൂ ധരിക്കാത്തതിനെക്കുറിച്ച് അധ്യാപകനോട് പരാതി നൽകിയതിനെ തുടർന്നാണ് തർക്കം ആരംഭിച്ചതെന്ന് ദൃക്സാക്ഷിയെ ഉദ്ധരിച്ച് പൊലീസ് അറിയിച്ചു. സ്കൂൾ വിട്ടശേഷം ഉണ്ടായ വാക്കുതർക്കം സംഘർഷത്തിലേക്ക് മാറുകയും പ്രതികളിലൊരാൾ വിദ്യാർഥിയെ കുത്തുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.



