തൃക്കാക്കര: ഫേസ്ബുക്ക് പേജിനു പൂട്ടുവീണതിനു പിന്നാലെ ‘അഖിൽ മാരാർ 2.0 ‘ എന്ന പേരിൽ പുതിയ ഫേസ്ബുക്ക് പേജുമായി തൃക്കാക്കര എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ. ആറ് ലക്ഷം ഫോളോവെർസ് ഉണ്ടായിരുന്ന തന്റെ ഫേസ്ബുക്ക് പേജ് കേരള പോലീസ് പൂട്ടിച്ചെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. തുടർന്ന് അഖിൽ മാരാർ 2.0 എന്ന പേരിലാണ് പുതിയ പേജ് തുടങ്ങിയത്. 1500 ൽ അധികം ഫോളോവെർസ് ആണ് ഇതിനകം പേജിൽ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ശബ്ദം പലരെയും ഭയപ്പെടുത്തുന്നു, വാ മൂടി കെട്ടി ഇരിക്കാൻ തൽക്കാലം ഉദ്ദേശ്യമില്ല എന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പണിയെടുക്കുന്ന സൈബർ ഡിപ്പാർട്മെന്റിലെ ഏതവനായാലും കോടതി കയറ്റുമെന്നും , തൃക്കാക്കരയിൽ ഇത്തവണ പോളിങ് ശതമാനം കൂടിയതുകൊണ്ട് തനിക്ക് വിജയ സാധ്യത ഉണ്ടെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്യാത്ത തന്നെ ഇല്ലാതാക്കുകയെന്നാൽ അത് താൻ പറയുന്നത് ജനത്തിന്റെ മുന്നിൽ നിന്നും തടയുക എന്ന ഉദ്ദേശ്യമാണെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തൃക്കാക്കരയിൽ തന്റെ മുന്നേറ്റം ഭയന്ന് എന്റെ ആറ് ലക്ഷം ഫോളോവെഴ്സ് ഉള്ള ഫേസ്ബുക്ക് പേജ് കേരള പോലീസ് ഇന്ത്യയിൽ നിന്നും റിമൂവ് ചെയ്യിച്ചു. എന്റെ ശബ്ദം പലരെയും ഭയപ്പെടുത്തുന്നു. വാ മൂടി കെട്ടി ഇരിക്കാൻ തൽക്കാലം ഉദ്ദേശ്യമില്ല. പിണറായിക്ക് വേണ്ടി പണിയെടുക്കുന്ന സൈബർ ഡിപ്പാർട്മെന്റിലെ ഏതവനായാലും കോടതി കയറ്റും ഞാൻ. നിയമവിരുദ്ധമായി ഒന്നും ചെയ്യാത്ത എന്നെ ഇല്ലാതാക്കുക എന്നാൽ ഞാൻ പറയുന്നത് ജനത്തിന്റെ മുന്നിൽനിന്നും തടയുക എന്ന ഉദ്ദേശ്യമാണ്. എങ്കിൽ നടക്കില്ല എന്ന മാത്രമല്ല കൂടുതൽ ഉച്ചത്തിൽ ഞാൻ സംസാരിക്കും.
തൃക്കാക്കര യുഡിഎഫ് കോട്ടയാണ്. കോട്ടയിൽ ഭരണവിരുദ്ധ വികാരത്തിന്റെ പേരിൽ വോട്ട് ശതമാനം വർദ്ധിക്കേണ്ട സാഹചര്യമില്ല. 25000 ഭൂരിപക്ഷം ഉമാ തോമസിന് കിട്ടിയപ്പോൾ 68 % ആയിരുന്നു പോളിങ്. ബിജെപിക്ക് 12500 വോട്ടുകൾ. 2016 ൽ 73 % പോളിങ് ഉണ്ടായിരുന്നപ്പോൾ ബിജെപിക്ക് 22000 വോട്ടുകൾ ലഭിച്ചിരുന്നു. അതായത് പോളിങ് കൂടിയപ്പോൾ ബിജെപി വോട്ടുകൾ കൂടി. ഇത്തവണ SIR പ്രകാരം കഴിഞ്ഞ തവണത്തെ വോട്ടർ പട്ടികയിൽ നിന്നും ഏതാണ്ട് 20000 ത്തോളം വോട്ടർമാരെ നീക്കി. ഈ 20000 ത്തിൽ 5000 വോട്ടർമാരും ഉമാ തോമസിന് വോട്ട് ചെയ്തവർ ആവാൻ ആണ് സാധ്യത. ആ വോട്ടുകൾ കോൺഗ്രസിന് നഷ്ടപ്പെട്ടിട്ടുണ്ട്. കൂടാതെ പുതുതായി 10000 ത്തോളം വോട്ടുകൾ ചേർക്കപ്പെട്ടിട്ടുണ്ട്. ഇതിൽ കന്നി വോട്ടർമാർ ഉമാ തോമസിന് വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ ശക്തമായ രാഷ്ട്രീയ പശ്ചാത്തലവും അല്ലെങ്കിൽ വീട്ടുകാരുടെ നിർബന്ധവും. അല്ലാതെയുള്ള പുതു തലമുറ എനിക്ക് തന്നെയാണ് വോട്ട് ചെയ്തേക്കുന്നത് ,” അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു.
