തൃശ്ശൂർ: കേരളത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മറുവശത്ത് ബിജെപി – എൽഡിഎഫ് പങ്കാളിത്തസഖ്യമാണെന്ന് രാഹുൽ ഗാന്ധി. തൃശ്ശൂർ മാളയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിൽ പിണറായി വിജയനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കടന്നാക്രമിച്ചു. എപ്പോഴും മതത്തെ കുറിച്ച് പരാമർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തുമ്പോൾ എന്തുകൊണ്ടാണ് ശബരിമല സ്വർണക്കൊള്ളയെ കുറിച്ച് മറന്നുപോകുന്നതെന്ന് ചോദിച്ച രാഹുൽ മോദി ഇടതുപക്ഷത്തെ സഹായിക്കുകയാണെന്നും വ്യക്തമാക്കി.
കേരളത്തിലെ തിരഞ്ഞെടുപ്പിൽ ബിജെപി- എൽഡിഎഫ് പങ്കാളിത്തസഖ്യം ഒരു വശത്തും മറുവശത്ത് യുഡിഎഫുമാണ്. മോദിക്കും ബിജെപിക്കും അറിയാം അവർക്ക് ഭീഷണിയായ ഏക പാർട്ടി കോൺഗ്രസ് ആണെന്ന്. എപ്പോഴും മതത്തെക്കുറിച്ച് പറയുന്ന മോദി കേരളത്തിൽ വരുമ്പോൾ ശബരിമല കൊള്ളയെക്കുറിച്ച് പറയുന്നില്ല. ഇടതുപക്ഷത്തെ സഹായിക്കാനാണ് മോദി ശബരിമല ക്ഷേത്രത്തെ മറന്നുപോയത്. മോദിയെ വിമർശിച്ചതിന് എന്നെ ഉപദ്രവിച്ചു. എന്നാൽ, പിണറായി വിജയനെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയോ തേടി ഏജൻസികൾ വരുന്നില്ല. പിണറായി വിജയൻ മോദിയെ ആക്രമിക്കുന്നില്ല. ഇത് വ്യക്തമാക്കുന്നത് ഒരു പങ്കാളിത്തത്തെയാണെന്നും രാഹുൽ ഗാന്ധി തൃശ്ശൂരിൽ പറഞ്ഞു.
