വൈദ്യുതി വാങ്ങൽ കരാർ: മുഖ്യമന്ത്രിക്കെതിരെ ഗുരുതര ചോദ്യങ്ങളുമായി പിണറായി വിജയൻ; ജി.എൻ.എ. ഇടപാടിൽ ദുരൂഹതയെന്ന് ആരോപണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കെ.എസ്.ഇ.ബിയുടെയും വകുപ്പ് മന്ത്രിയുടെയും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെയും നിലപാടുകൾ മറികടന്ന് ജി.എൻ.എ.യുടെ ഓഫർ സ്വീകരിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെയാണ് പിണറായി വിജയൻ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചത്.

വൈദ്യുതി വാങ്ങൽ കരാറിലെ ആരോപണങ്ങൾക്ക് വ്യക്തത നൽകുന്നതിന് പകരം ദുരൂഹതയും അവ്യക്തതയും സൃഷ്ടിച്ച് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പിണറായി വിജയൻ ആരോപിച്ചു. മുന്നിലെത്തിയ ഫയലിന്റെ അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ടെന്നും എന്നാൽ കെ.എസ്.ഇ.ബി സാങ്കേതികവും സാമ്പത്തികവുമായ പരിശോധന നടത്തി സർക്കാരിന് സമർപ്പിച്ച ഹിമാചൽ വൈദ്യുതി വാങ്ങാനുള്ള നിർദേശം അട്ടിമറിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.

വകുപ്പ് മന്ത്രി ഉദ്യോഗസ്ഥതല ചർച്ചകൾക്കുശേഷം ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാമെന്ന അഭിപ്രായം രേഖപ്പെടുത്തിയിരുന്നുവെന്നിരിക്കെ, ജി.എൻ.എ.യുടെ ഓഫർ സ്വീകരിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത് ഏത് നിയമത്തിന്റെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണെന്നാണ് പിണറായി വിജയന്റെ ചോദ്യം. ജി.എൻ.എ.യുടെ ഓഫർ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് കെ.എസ്.ഇ.ബി സർക്കാരിനെ അറിയിച്ചിരുന്നോ, ചീഫ് എൻജിനീയറുടെ വിശദമായ പരിശോധനാ റിപ്പോർട്ട് ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളിലും മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കെ.എസ്.ഇ.ബി എം.ഡിയായിരുന്ന രാജമാണിക്യം ഐ.എ.എസ് എഴുതിയ കുറിപ്പിലെ ചില ഭാഗങ്ങൾ മാത്രം ചൂണ്ടിക്കാട്ടിയതുകൊണ്ട് ബോർഡ് ഉയർത്തിയ എതിർപ്പുകൾ ഇല്ലാതാകില്ലെന്നും പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഒന്നും മറയ്ക്കാനില്ലെങ്കിൽ കരാറുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും സർക്കാരിന് ലഭിച്ച കത്തും പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

2026 നവംബർ ഒന്നുമുതൽ മാർച്ച് 31 വരെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ടോ എന്ന കാര്യത്തിലും മുഖ്യമന്ത്രി മറുപടി നൽകണമെന്നാണ് ആവശ്യം. കമ്മീഷന്റെ നിഗമനങ്ങൾ തെറ്റാണെങ്കിൽ സർക്കാർ എന്ത് നിയമനടപടിയാണ് സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു.

ജി.എൻ.എ. കൂടുതൽ വൈദ്യുതി നൽകുമെന്നും ഹിമാചലിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറവായിരിക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദം കെ.എസ്.ഇ.ബിയുടെ സാങ്കേതിക റിപ്പോർട്ടുകൾക്ക് വിരുദ്ധമാണെന്നും പിണറായി വിജയൻ ആരോപിച്ചു. പീക്ക് സമയത്ത് ജി.എൻ.എ. വൈദ്യുതി നൽകുമെന്നതിന് എന്ത് രേഖയാണുള്ളതെന്നും ഹിമാചലിൽ നിന്നുള്ള വൈദ്യുതി ഉത്പാദനത്തിന്റെ വിശദാംശങ്ങൾ ലഭ്യമായിരിക്കെ അതിനെ ഖണ്ഡിക്കുന്ന എന്ത് വിവരമാണ് ജി.എൻ.എ. മുഖ്യമന്ത്രിക്ക് നൽകിയതെന്നും അദ്ദേഹം ചോദിച്ചു.

ജി.എൻ.എ. വൈദ്യുതി ഉത്പാദകരോ ലൈസൻസുള്ള വൈദ്യുതി വ്യാപാരിയോ അല്ലെന്നും ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം മാത്രമാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. അങ്ങനെയൊരു പ്ലാറ്റ്‌ഫോമിന് സ്വന്തം നിലയിൽ വൈദ്യുതി വിൽക്കാൻ എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. എൽ.ഡി.എഫ് ഭരണകാലത്ത് ടെൻഡറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ ഇല്ലാതെ ഒരു യൂണിറ്റ് വൈദ്യുതിയെങ്കിലും വാങ്ങാൻ കരാറുണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിന്റെ രേഖ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു.

ജി.എൻ.എ.യുമായി ബന്ധപ്പെട്ട നിരക്കുകളിലും പിണറായി വിജയൻ സംശയം ഉന്നയിച്ചു. വിപണി നിരക്ക് യൂണിറ്റിന് ഏകദേശം അഞ്ചു രൂപയായിരിക്കെ 8.63 രൂപയ്ക്കും 8.90 രൂപയ്ക്കും വൈദ്യുതി വാങ്ങാൻ ശ്രമിച്ചത് എന്തിനാണെന്നാണ് ചോദ്യം. 8.48 രൂപയിൽ തുടങ്ങിയ ഫയലിൽ എങ്ങനെയാണ് നിരക്ക് 8.63 രൂപയായത്, മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞ 8.90 രൂപയുടെ ഓഫർ എവിടെനിന്നാണ് ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഓപ്പൺ ടെൻഡറിൽ പങ്കെടുക്കാതെ സ്വകാര്യ ഓഫറുമായി എത്തിയ ജി.എൻ.എ.യുടെ നിരക്കാണ് ഏറ്റവും കുറഞ്ഞതെന്ന് ഉറപ്പാക്കാൻ സർക്കാർ എന്ത് പരിശോധന നടത്തിയെന്നും പിണറായി വിജയൻ ചോദിച്ചു.

സി.ഇ.ആർ.സി., സെബി എന്നിവയുടെ അന്വേഷണങ്ങൾ നടക്കുന്ന സംശയാസ്പദ പശ്ചാത്തലമുള്ള കമ്പനിയിൽ നിന്നാണ് വൈദ്യുതി വാങ്ങാൻ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ടെൻഡർ നടപടികളില്ലാതെ സ്വകാര്യ ഓഫർ സ്വീകരിച്ചതിന് പിന്നിലെ താൽപ്പര്യം എന്താണെന്നും വൈദ്യുതി പ്രതിസന്ധിയെന്ന പേരിൽ അടിയന്തര സാഹചര്യം സൃഷ്ടിച്ചതിന് എന്ത് അടിസ്ഥാനമാണുള്ളതെന്നും പിണറായി വിജയൻ ചോദിച്ചു.

ഉദ്യോഗസ്ഥർ കൊണ്ടുവരുന്ന ഫയലുകളിൽ കണ്ണടച്ച് ഒപ്പിടാനല്ല സർക്കാർ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെയും അദ്ദേഹം ചോദ്യം ചെയ്തു. കെ.എസ്.ഇ.ബി തള്ളിയ ജി.എൻ.എ.യുടെ ഓഫർ സ്വീകരിച്ചത് ഏത് മാനദണ്ഡപ്രകാരമാണെന്നാണ് പിണറായി വിജയന്റെ ചോദ്യം.

വൈദ്യുതി പ്രതിസന്ധിയുടെ ഭീതി സൃഷ്ടിച്ച് പൊതുപണം ദുരുപയോഗം ചെയ്യാനുള്ള നീക്കമാണോ ഇതെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു. അങ്ങനെയല്ലെന്ന് തെളിയിക്കേണ്ടത് സർക്കാരാണെന്നും കരാറുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും മന്ത്രിസഭാ കുറിപ്പുകളും പൊതുജനങ്ങൾക്ക് മുന്നിൽ വെക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News