ന്യൂഡൽഹി: മലയാളത്തിൽ കേരളത്തിന് പിറന്നാള്‍ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. “കേരളപ്പിറവി ആശംസകൾ! മാസ്മരികമായ ഭൂപ്രകൃതിക്കും ഊർജസ്വലമായ പാരമ്പര്യത്തിനും കഠിനാധ്വാനികളായ ജനങ്ങൾക്കും പേരുകേട്ടതാണ് ഈ സംസ്ഥാനം. കേരളത്തിൽ നിന്നുള്ള ജനങ്ങൾ ലോകമെമ്പാടും, വിവിധ മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വരുംകാലങ്ങളിലും സംസ്ഥാനത്തെ ജനങ്ങൾ പുരോഗതി പ്രാപിക്കട്ടെ”- എന്നാണ് പ്രധാനമന്ത്രി ആശംസിച്ചത്.
മുഖ്യമന്ത്രിയെന്ന നിലയിൽ വി.ഡി സതീശന്റെ ആദ്യ കേരളപ്പിറവിയാണിതെന്നും സംസ്ഥാനത്തെ കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കാൻ കഴിയട്ടെയെന്നും മോദി ആശംസിച്ചു.കേരളത്തിന്റെ പ്രകൃതിസൗന്ദര്യത്തെയും സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും സാമൂഹിക നവോത്ഥാന ചരിത്രത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു. ശ്രീനാരായണ ഗുരു, ആദിശങ്കരാചാര്യർ, അയ്യങ്കാളി തുടങ്ങിയ നവോത്ഥാന നായകരുടെ സംഭാവനകളും അദ്ദേഹം അനുസ്മരിച്ചു.
ലോകമെമ്പാടുമുള്ള മലയാളികളുടെ കഠിനാധ്വാനവും സംരംഭകത്വവും രാജ്യത്തിന് അഭിമാനമാണെന്നും വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിൽ കേരളം മാതൃകയാണെന്നും മോദി വ്യക്തമാക്കി. കേരളത്തിന്റെ പുരോഗതി ഇന്ത്യയുടെ വികസനത്തിന് അനിവാര്യമാണ്. ദേശീയപാത 66 ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുമെന്നും പ്രധാനമന്ത്രി സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.



