സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റിലെ 2018ലെ പന്ത് ചുരണ്ടൽ വിവാദം വീണ്ടും ചർച്ചയാകുന്നതിനിടെ പ്രതികരണവുമായി മുൻ പാകിസ്താൻ നായകൻ വസീം അക്രം. സാൻഡ്പേപ്പർ ഉപയോഗിച്ച് പന്തിൽ വരുത്തുന്ന പോറലുകളും സ്വാഭാവികമായി ഉണ്ടാകുന്ന പോറലുകളും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരിചയസമ്പന്നനായ ഒരു ബൗളർക്ക് പന്ത് കൈയിലെത്തുമ്പോൾ തന്നെ അതിൽ അസ്വാഭാവികമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ കഴിയുമെന്നും അക്രം വ്യക്തമാക്കി.
2018ലെ വിവാദത്തിൽ സാൻഡ്പേപ്പർ ഉപയോഗിച്ച് പന്തിന്റെ അവസ്ഥ മാറ്റാനുള്ള നീക്കത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അക്രത്തിന്റെ പ്രതികരണം. മുൻ ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജ തന്റെ ആത്മകഥയിൽ നടത്തിയ വെളിപ്പെടുത്തലുകളാണ് വിവാദം വീണ്ടും സജീവമാക്കിയത്.
പന്ത് കൈകാര്യം ചെയ്യുന്ന ബൗളർമാർക്ക് അതിന്റെ അവസ്ഥയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകുമെന്ന് അക്രം പറഞ്ഞു. പന്തിന്റെ ഒരു വശം മിനുക്കുന്നതും നിലത്ത് തട്ടുമ്പോൾ സ്വാഭാവികമായി പോറലുകൾ ഉണ്ടാകുന്നതും ക്രിക്കറ്റിന്റെ ഭാഗമാണ്. എന്നാൽ സാൻഡ്പേപ്പർ ഉപയോഗിച്ച് ഉണ്ടാക്കുന്ന പോറലുകൾ ഇതിൽനിന്ന് തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം വിശദീകരിച്ചു.
കമ്മിൻസ് തന്റെ അടുത്ത സുഹൃത്താണെന്നും മികച്ച ക്രിക്കറ്റ് താരവും നേതാവുമാണെന്നും വിശേഷിപ്പിച്ച അക്രം, ആരുടെയും പക്ഷം പിടിക്കാനല്ല പ്രതികരിക്കുന്നതെന്നും വ്യക്തമാക്കി. ഒരു പുതിയ പന്തിൽ സാൻഡ്പേപ്പർ ഉപയോഗിച്ച് ഉരച്ചുനോക്കിയാൽ തന്നെ പോറലുകളുടെ വ്യത്യാസം മനസ്സിലാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2018ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ് ടൗൺ ടെസ്റ്റിനിടെയാണ് പന്തിൽ സാൻഡ്പേപ്പർ ഉപയോഗിച്ച് കൃത്രിമം കാണിച്ച സംഭവം പുറത്തുവന്നത്. ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞതിനെത്തുടർന്ന് കാമറൂൺ ബാൻക്രോഫ്റ്റ്, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവർക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കേർപ്പെടുത്തിയിരുന്നു.
വിവാദത്തിൽ ടീമിലെ ബൗളർമാർക്കും അറിവുണ്ടായിരുന്നുവെന്ന ഖവാജയുടെ വെളിപ്പെടുത്തൽ കമ്മിൻസ് തള്ളിയിരുന്നു. ആരോപണങ്ങൾ പൂർണമായും തെറ്റാണെന്നും പന്ത് ചുരണ്ടാനുള്ള പദ്ധതിയെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നുമാണ് കമ്മിൻസിന്റെ വിശദീകരണം. അതേസമയം, 2018ലെ അന്വേഷണം വീണ്ടും തുറക്കില്ലെന്ന നിലപാടിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ.



