ലൈംഗിക പീഡന പരാതി; പ്രശോഭ് വത്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്നീട് പരി​ഗണിക്കും

പാലക്കാട്: ദളിത് യുവതിയെ പീഡിപ്പിച്ചുവെന്ന കേസിൽ കോൺഗ്രസ് പുറത്താക്കിയ കൗണ്‍സിലര്‍ പ്രശോഭ് വത്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. തിങ്കളാഴ്ചത്തേയ്ക്കാണ് മാറ്റിയത്. മണ്ണാര്‍ക്കാട് എസ്‌സി/ എസ്ടി കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. താന്‍ നിരപരാധിയാണെന്നും തനിക്കെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസാണെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പ്രശോഭ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.

ദളിത് യുവതിയുടെ പരാതിയെ തുടര്‍ന്ന് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസാണ് പ്രശോഭിനെതിരെ കേസെടുത്തത്. പീഡനം, എസ്സി- എസ്ടി അതിക്രമ നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിലവില്‍ പ്രശോഭ് ഒളിവിലാണ്. പ്രശോഭിനെതിരെ പരാതി നല്‍കിയ അതിജീവിത കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി മൊഴി നല്‍കിയിരുന്നു.

ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പ്രശോഭ് വത്സനെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് പുറത്താക്കിയത്. പ്രശോഭിനെതിരായ ലൈംഗികാതിക്രമ പരാതി തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കെ പാര്‍ട്ടിക്കും മുന്നണിക്കും ദോഷമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.പാലക്കാട് നഗരസഭയിലെ ഇരുപത്തിനാലാം വാര്‍ഡ് കൗണ്‍സിലറാണ് പ്രശോഭ് സി വത്സന്‍.

Leave a Reply

Your email address will not be published. Required fields are marked *