കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ 17കാരന്റെ പുതിയ മൊഴി പുറത്ത്. അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവരുന്നത്. അച്ഛൻ അറിയാതെ മുമ്പും കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്ന് 17കാരൻ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. ബൈക്കുമായി സ്കൂളിൽ പോയിട്ടുണ്ടെന്നും മൊഴി നൽകിയിട്ടുണ്ട്. സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് വീണ്ടും മൊഴിയെടുത്തത്. ഒക്ടോബർ 25ന് പുലർച്ചെയാണ് അപകടമുണ്ടായത്.
മഴയത്ത് മണിക്കൂറിൽ 108 കിലോമീറ്ററിലധികം വേഗത്തിലായിരുന്നു കാർ ഓടിച്ചതെന്നാണ് ആരോപണം. വാഹനമോടിക്കുന്നതിനിടെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയെന്നും മരിച്ചയാളുടെ മക്കൾ കോടതിയിൽ ആരോപിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. 17കാരന്റെ സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പിതാവിന്റെ സാന്നിധ്യമില്ലാതെയാണ് ഇത്തവണ പൊലീസ് മൊഴി രേഖപ്പെടുത്തിയത്.
ഇതിനായി കോടതിയുടെ പ്രത്യേക അനുമതിയും അന്വേഷണസംഘം നേടിയിരുന്നു. അപകടസമയത്തെ വാഹനത്തിന്റെ വേഗതയും കുട്ടി വാഹനം ഓടിച്ച സാഹചര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാണ്. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ കുട്ടിയുടെ മുൻകാല പെരുമാറ്റവും മറ്റ് സാഹചര്യങ്ങളും ഉൾപ്പെടുത്തും. റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും കോടതി തുടർനടപടികൾ തീരുമാനിക്കുക.



