ഇറാനെതിരായ യുദ്ധമാണ് ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പരാജയത്തിന് കാരണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സമ്മതിച്ചതിന് പിന്നാലെ ട്രംപ് ഭരണകൂടത്തെ പരിഹസിച്ച് ഇറാൻ. യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ അംഗീകരിക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം തയ്യാറാകുന്നില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് വിമർശിച്ചു.
‘തോറ്റിട്ടും കളം വിടാൻ കഴിയാത്ത ചൂതാട്ടക്കാരന്റെ മനോഭാവമാണ് ഇത്. അമേരിക്ക ഇസ്രയേലിന് മുൻഗണന നൽകുന്ന നയത്തിന്റെ അപകടകരമായ വഴിത്തിരിവിൽ നിൽക്കുമ്പോൾ ബോസ് അടുത്ത യുദ്ധഘട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്. നീണ്ട പ്രസംഗങ്ങൾ ഒഴിവാക്കൂ. എന്തുകൊണ്ട് ഈ കാര്യം നിങ്ങളുടെ ബോസിനോട് നേരിട്ട് പറയുന്നില്ല?’ എന്നായിരുന്നു വാൻസിന്റെ പ്രതികരണത്തിന് ഖാലിബാഫിന്റെ മറുപടി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഭരണകൂടത്തിന്റെ ഇറാൻ നയത്തെയുമാണ് പരാമർശത്തിലൂടെ ഖാലിബാഫ് ലക്ഷ്യമിട്ടത്.
നവംബർ മൂന്നിന് നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ വലിയ മുന്നേറ്റം നടത്തിയതിന് പിന്നാലെയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പരാജയകാരണങ്ങൾ വിശദീകരിച്ച് വാൻസ് രംഗത്തെത്തിയത്. സെനറ്റിലും ജനപ്രതിനിധിസഭയിലും ഡെമോക്രാറ്റുകൾക്ക് നിയന്ത്രണം ലഭിച്ചത് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടിയായി.
2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനും വാൻസിനും പിന്തുണ നൽകിയിരുന്ന പല വോട്ടർമാരും ഇത്തവണ ഡെമോക്രാറ്റുകൾക്കൊപ്പം നിന്നതാണ് പരാജയത്തിന് കാരണമെന്ന് വാൻസ് ചൂണ്ടിക്കാട്ടി. വോട്ടർമാരുടെ പങ്കാളിത്തക്കുറവല്ല, മറിച്ച് ഭരണകൂടത്തിന്റെ നയങ്ങളോടുള്ള അതൃപ്തിയാണ് തിരിച്ചടിയായത്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുക, ജീവിതച്ചെലവും പണപ്പെരുപ്പവും നിയന്ത്രിക്കുക, ‘അമേരിക്ക ഫസ്റ്റ്’ നയത്തിലേക്ക് മടങ്ങുക, ഇസ്രയേലുമായുള്ള അമേരിക്കയുടെ ബന്ധത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ വോട്ടർമാർക്കിടയിൽ ശക്തമായിരുന്നുവെന്നും വാൻസ് പറഞ്ഞു. ‘നമ്മൾ പരാജയപ്പെട്ടതിന്റെ കാരണം യുദ്ധമാണ്. പ്രസിഡന്റ് തന്നെ കഴിഞ്ഞ ദിവസം ഇക്കാര്യം പറഞ്ഞിരുന്നു’ എന്നായിരുന്നു വാൻസിന്റെ പ്രതികരണം.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണവും ഇറാന്റെ പരമോന്നത നേതാവിന്റെ വധവും മേഖലയിൽ സംഘർഷം രൂക്ഷമാക്കിയിരുന്നു. തിരിച്ചടിയായി ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ഗതാഗതവും തടസ്സപ്പെടുത്തി. ഇതോടെ ആഗോള എണ്ണവിപണിയിലും ഇന്ധനവിലയിലും വലിയ പ്രത്യാഘാതങ്ങളുണ്ടായി.
അമേരിക്കയിലെ ജീവിതച്ചെലവ് വർധിക്കുന്നതിനൊപ്പം യുദ്ധത്തോടുള്ള ജനങ്ങളുടെ എതിർപ്പും റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. യുദ്ധത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ അമേരിക്കൻ ആഭ്യന്തര രാഷ്ട്രീയത്തിൽ ചർച്ചയാകുന്നതിനിടെയാണ് ട്രംപ് ഭരണകൂടത്തിനെതിരെ ഇറാൻ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.



