മുംബൈ: സിനിമാ മേഖലയിൽ നിലനിൽക്കുന്ന നിരന്തരമായ താരതമ്യങ്ങളും മത്സരങ്ങളും ആളുകളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുവെന്ന് സംവിധായികയും കൊറിയോഗ്രാഫറുമായ ഫറ ഖാൻ. മറ്റുള്ളവരുടെ നേട്ടങ്ങളുമായി സ്വന്തം കരിയറിനെ താരതമ്യം ചെയ്യുന്നത് ആത്മവിശ്വാസത്തെ ബാധിക്കുമെന്നും ആദ്യ ചിത്രമായ ‘മെയ്ൻ ഹൂം നാ’ ഒരുക്കുന്നതിന് മുമ്പ് തനിക്കും സമാനമായ ആശങ്കകൾ ഉണ്ടായിരുന്നുവെന്നും ഫറ വെളിപ്പെടുത്തി.
നേഹ ധൂപിയയുടെയും അംഗദ് ബേദിയുടെയും പോഡ്കാസ്റ്റിലെ സംഭാഷണത്തിനിടെയാണ് ഫറ ഖാൻ സിനിമാ മേഖലയിലെ അനുഭവങ്ങൾ പങ്കുവെച്ചത്. സിനിമ ചെയ്യാതെ വെറുതെയിരിക്കുന്ന സമയങ്ങളിൽ തനിക്ക് അസ്വസ്ഥത തോന്നാറുണ്ടെന്നും മറ്റൊരാൾ സിനിമ ചെയ്യുമ്പോൾ താൻ ഒന്നും ചെയ്യുന്നില്ലല്ലോ എന്ന ചിന്ത മനസിനെ അലട്ടാറുണ്ടെന്നും ഫറ പറഞ്ഞു.
സിനിമാ മേഖലയിൽ എല്ലാവരും എപ്പോഴും മറ്റുള്ളവരുമായി താരതമ്യം ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. മറ്റൊരു നടൻ ഏത് സിനിമയിലാണ് അഭിനയിക്കുന്നത്, മറ്റൊരു സംവിധായകൻ എന്താണ് ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങൾ നിരന്തരം ശ്രദ്ധിക്കുന്നതിലൂടെ അരക്ഷിതാവസ്ഥ വർധിക്കുകയാണെന്നും അവർ പറഞ്ഞു. അമ്പതാം വയസിൽ ഇത്തരം താരതമ്യങ്ങളിൽ നിന്ന് മാറിനിൽക്കാനും സന്തോഷത്തോടെ ജീവിക്കാനും തീരുമാനിച്ചതായും ഫറ കൂട്ടിച്ചേർത്തു.
2024ലാണ് ഫറ ഖാൻ പാചകക്കാരനായ ദിലീപിനൊപ്പം യൂട്യൂബ് ചാനൽ ആരംഭിച്ചത്. തുടക്കത്തിൽ ദീർഘകാലം മുന്നോട്ടുകൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നില്ലെന്നും അടുത്ത സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയ ശേഷമുള്ള ഒഴിവുസമയം വിനിയോഗിക്കാനാണ് ചാനൽ തുടങ്ങിയതെന്നും അവർ വ്യക്തമാക്കി. പിന്നീട് ചാനൽ വലിയ ജനപ്രീതി നേടുകയായിരുന്നു. സിനിമാ തിരക്കുകളിൽ നിന്ന് വ്യത്യസ്തമായൊരു ജീവിതശൈലി ഈ യൂട്യൂബ് യാത്ര തനിക്ക് നൽകിയെന്നും ഫറ പറഞ്ഞു.
സെലിബ്രിറ്റികളുടെ വീടുകൾ സന്ദർശിച്ച് അവർക്കൊപ്പം പാചകം ചെയ്യുകയും രസകരമായ സംഭാഷണങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന ഫറയുടെ വീഡിയോകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പാചകക്കാരൻ ദിലീപുമായുള്ള തമാശ നിറഞ്ഞ സംഭാഷണങ്ങളും വീഡിയോകളുടെ പ്രധാന ആകർഷണമാണ്. ചാനലിന് മൂന്ന് ദശലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.
2004ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം ‘മെയ്ൻ ഹൂം നാ’യിലൂടെയാണ് ഫറ ഖാൻ സംവിധായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ‘ഓം ശാന്തി ഓം’, ‘തീസ് മാർ ഖാൻ’, ‘ഹാപ്പി ന്യൂ ഇയർ’ തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു. സിനിമാ മേഖലയിലെ മത്സരങ്ങളും താരതമ്യങ്ങളും തനിക്കും ഒരുകാലത്ത് സമ്മർദം സൃഷ്ടിച്ചിരുന്നുവെന്ന ഫറയുടെ തുറന്നുപറച്ചിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.


