സിജെപിക്ക് ബദലുമായി യൂത്ത് കോൺ​ഗ്രസ്

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലുടനീളം കോളിളക്കം സൃഷ്ടിച്ച കോക്ക്രോച്ച്‌ ജനത പാർട്ടിക്ക് ബദലുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ‘ഇന്ത്യൻ യൂത്ത് കോക്ക്രോച്ചസ്’ എന്ന പേരിലാണ് എക്‌സിൽ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. വെറും ഓൺലൈൻ വിപ്ലവമല്ല, തെരുവിലെ യഥാർത്ഥ പോരാട്ടമാണ് തങ്ങളുടേതെന്നാണ് ഇന്ത്യൻ യൂത്ത് കോക്ക്രോച്ചസിന്റെ എക്‌സ് അക്കൗണ്ടിൽ പറയുന്നത്. സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്‌കെക്ക് എതിരെയുള്ള പരോക്ഷ വിമർശനം കൂടിയാണ് ഓൺലൈൻ വിപ്ലവമല്ല എന്ന പരാമർശം.

ഞായറാഴ്ച യൂത്ത് കോൺഗ്രസ് പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ഇങ്ങനെ പറയുന്നു- ‘യഥാർത്ഥ പാറ്റകൾ വെറും ഓൺലൈൻ വിപ്ലവകാരികളല്ല. നിങ്ങൾ തെരുവിൽ ഇറങ്ങണം, ഈ ഭരണസംവിധാനത്തോട് പൊരുതണം. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കേന്ദ്ര സർക്കാരിനെതിരെ സൂററ്റിൽ നടത്തിയ ശക്തമായ തെരുവ് പ്രതിഷേധത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതികരണം.

തൊട്ടുപിന്നാലെ, അമേരിക്കയിലെ ബോസ്റ്റണിലിരുന്ന് പേജ് നടത്തുന്ന സിജെപി സ്ഥാപകനെ പരിഹസിച്ചുകൊണ്ട് ‘ബോസ്റ്റൺ കോക്രോച്ചിനേക്കാൾ വലുതാണ് ഇന്ത്യൻ യൂത്ത് കോക്രോച്ചസ്’ എന്ന പോസ്റ്റും യൂത്ത് കോൺഗ്രസ് പങ്കുവെച്ചിട്ടുണ്ട്. നീറ്റിനെതിരെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നടക്കുന്ന പ്രതിഷേധ വീഡിയോകളും ഇന്ത്യൻ യൂത്ത് കോക്ക്രോച്ചസ് എന്ന എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുള്ള മീം പ്രതിഷേധങ്ങളെ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂത്ത് കോൺഗ്രസിന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *