ഡൽഹി: 18 ദിവസം നീണ്ട പോരാട്ടത്തിനൊടുവിൽ ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സമരത്തിന് വിജയം. വിദ്യാർത്ഥികൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ സർവകലാശാല അധികൃതർ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. 2027 മേയ് 15നകം വിദ്യാർത്ഥി യൂണിയന്റെ ഭരണഘടന തയ്യാറാക്കുമെന്നും അടുത്ത അധ്യയനവർഷം ആരംഭിച്ച് ആറാഴ്ചയ്ക്കകം തിരഞ്ഞെടുപ്പ് നടത്തുമെന്നും അധികൃതർ ഉറപ്പ് നൽകി. 2006ലാണ് സർവകലാശാലയിൽ വിദ്യാർത്ഥി യൂണിയൻ പിരിച്ചുവിട്ടത്. അതിനുശേഷം തിരഞ്ഞെടുപ്പും നടന്നിട്ടില്ല. യൂണിയൻ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ഒക്ടോബർ 12നാണ് വിദ്യാർത്ഥികൾ സമരം ആരംഭിച്ചത്.
സമരത്തിനിടെ നൽകിയ സസ്പെൻഷനുകളും ഷോക്കോസ് നോട്ടീസുകളും പിൻവലിക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെക്കുറിച്ച് അന്വേഷണം നടത്താനും അധികൃതർ സമ്മതിച്ചിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി ക്യാമ്പസ് അടച്ചിടുകയും ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ ഇതുകൊണ്ടൊന്നും വിദ്യാർത്ഥികൾ പിന്നോട്ടുപോയില്ല. ഓൺലൈൻ ക്ലാസുകളിലും പ്രതിഷേധം തുടർന്നു. ഗൂഗിൾ മീറ്റിലെ പ്രൊഫൈൽ ചിത്രങ്ങൾ പോലും സമര മുദ്രാവാക്യങ്ങളാക്കി മാറ്റിയായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. ഒടുവിൽ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതോടെ വിദ്യാർത്ഥികൾക്ക് വലിയ വിജയമാണ് നേടാനായത്.



