കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ നിർണായക നീക്കവുമായി അന്വേഷണ സംഘം. അപകടത്തിൽ പ്രതിയായ 17കാരന്റെ മൊബൈൽ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള വിവരങ്ങൾ ഫോണിൽ നിന്ന് നീക്കം ചെയ്ത നിലയിലാണ്. ഇതിനായി ഫോൺ വിദഗ്ധ പരിശോധനയ്ക്ക് അയക്കും. അതേസമയം, അപകടസമയത്ത് കൗമാരക്കാരൻ ഓടിച്ചിരുന്ന ആഡംബര കാർ മണിക്കൂറിൽ 104 കിലോമീറ്ററിലധികം വേഗത്തിലായിരുന്നുവെന്ന ഡിജിറ്റൽ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകിയതിന് RC ഉടമയായ പിതാവിനെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാൽ മകന് ഡ്രൈവിങ് അറിയാമായിരുന്നുവെന്ന് തനിക്ക് അറിയില്ലെന്ന നിലപാടിലാണ് പിതാവ്.
ഇതിന് മുൻപും അമിതവേഗത്തിൽ വാഹനം ഓടിച്ചതിന്റെ ദൃശ്യങ്ങൾ ഉണ്ടെന്ന കുടുംബത്തിന്റെ ആരോപണവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോണിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. അപകടവുമായി ബന്ധപ്പെട്ട കൂടുതൽ ഡിജിറ്റൽ തെളിവുകൾ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഫോൺ ഉപയോഗിച്ചുള്ള പഴയ പ്രവർത്തനങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ള വീഡിയോകളും പരിശോധിക്കും. അപകടത്തിന്റെ യഥാർഥ സാഹചര്യങ്ങളും വാഹനത്തിന്റെ വേഗതയും സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.



